വത്തിക്കാൻ: മുൻവർഷത്തെ അപേക്ഷിച്ച് ലോകത്തിലെ കത്തോലിക്കരുടെ എണ്ണത്തിൽ വൻ വർധനവെന്ന് വത്തിക്കാൻ ഏജൻസിയായ ഫൈഡ്സ്. ഒക്ടോബർ 22ലെ ലോക മിഷൻദിനത്തോടനുബന്ധിച്ചാണ് ലോകമെമ്പാടുമുള്ള സാർവത്രിക സഭയുടെ സ്ഥിതിവിവരക്കണക്കുകളുടെ വിശദമായ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
2021 ഡിസംബർ 31 വരെയുള്ള ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സർവേ നടത്തിയിട്ടുള്ളത്. 2021 ഡിസംബർ 31 വരെ ലോക ജനസംഖ്യ 7,785,769,000 ആയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ജനസംഖ്യയിൽ 118,633,000 വർധനവ് ഉണ്ടായി. പ്രധാനമായും ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കയിലും ഓഷ്യാനയിലും ഇതേ തോതിൽ ജനസംഖ്യാ വർധനവ് രേഖപ്പെടുത്തുമ്പോൾ യൂറോപ്പിൽ 224,000 ആളുകളുടെ കുറവാണ് കണക്കുകളിൽ സൂചിപ്പിക്കുന്നത്.
ഈ കാലയളവിൽ കത്തോലിക്കരുടെ എണ്ണം 16,240,000 ആയി വർധിച്ചു. യൂറോപ്പ് ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കത്തോലിക്കരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കത്തോലിക്കരുടെ എണ്ണത്തിൽ വർധനവുണ്ടെങ്കിലും പുരോഹിതരുടെയും ബിഷപ്പുമാരുടെയും എണ്ണത്തിൽ കുറവുണ്ടായി എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ലോകത്തിലെ മൊത്തം വൈദികരുടെ എണ്ണം ഏകദേശം 407,872 ആയി കുറഞ്ഞു മുൻ വർഷത്തെക്കാൾ 2,347 വൈദികരുടെ കുറവാണ് ഇത്. വൈദികരുടെ കുറവിനെ അഭിമുഖീകരിക്കുമ്പോൾ ലോകത്ത് സ്ഥിരമായ ഡീക്കന്മാരുടെ എണ്ണം വർധിച്ചു എന്നത് ശുഭ സൂചനയാണ്.
കന്യാസ്ത്രീകളുടെ എണ്ണത്തിലും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിലാണ് സമർപ്പിതരായ സ്ത്രീകളിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ കത്തോലിക്കാ സഭക്ക് 74,368 കിന്റർഗാർട്ടനുകളുണ്ട്. ഇതിൽ 7.565 ദശലക്ഷം വിദ്യാർത്ഥികൾ പഠിക്കുന്നു. 100,939 പ്രൈമറി സ്കൂളുകളും സഭക്കുണ്ട്. അതിൽ 34.7 ദശലക്ഷം വിദ്യാർത്ഥികൾ പഠിക്കുന്നു. അതുപോലെ 19.48 ദശലക്ഷം വിദ്യാർത്ഥികൾ പഠിക്കുന്ന 49,868 സെക്കൻഡറി സ്കൂളുകളും കത്തോലിക്ക സഭ നടത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26