ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ ഇനി ഓര്‍മ; അന്ത്യം 31-ാം വയസിൽ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ ഇനി ഓര്‍മ; അന്ത്യം 31-ാം വയസിൽ

ലിസ്ബണ്‍ (പോര്‍ച്ചുഗല്‍): ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഖ്യാതി നേടിയ 31 വയസുള്ള ബോബി ഇനി ഓര്‍മ. 31 വര്‍ഷവും 165 ദിസവവുമാണ് ബോബി ജീവിച്ചത്. ലോകത്തിലെ ഏറ്റവും പ്രായമേറിയ നായ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബോബി സ്വന്തമാക്കിയിരുന്നു. ബോബിയെ സ്ഥിരമായി പരിശോധിച്ചിട്ടുള്ള മൃഗഡോക്ടറാണ് മരണ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

പോര്‍ച്ചുഗലിലെ കോണ്‍ക്വീറോസ് ഗ്രാമത്തിലെ കോസ്റ്റ കുടുംബത്തിനൊപ്പമാണ് ബോബി കഴിഞ്ഞത്. അവസാനത്തെ ഉടമയായ ലിയോണല്‍ കോസ്റ്റയ്ക്ക് വെറും 8 വയസുള്ളപ്പോളാണ് ബോബി ജനിച്ചത്. ഫാമില്‍ നാല് പൂച്ചകള്‍ക്കുമൊപ്പമായിരുന്നു ബോബി കഴിഞ്ഞിരുന്നത്.

'ബോബിയുടെ നീണ്ട ജീവിതത്തിന്റെ രഹസ്യം നല്ല ഭക്ഷണവും ശുദ്ധ വായുവും അളവില്ലാത്ത സ്‌നേഹവുമായിരുന്നു. നമ്മള്‍ കഴിക്കുന്നത് ബോബി കഴിക്കുന്നു എന്ന് ഈ വര്‍ഷമാദ്യം ഒരു അഭിമുഖത്തില്‍ ഉടമയായ കോസ്റ്റ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞിരുന്നു.

1939-ല്‍ 29-ആം വയസ്സില്‍ മരിച്ച ബ്ലൂയി എന്ന ഓസ്ട്രേലിയന്‍ കേറ്റില്‍ നായയില്‍ നിന്ന് ബോബി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന റെക്കോര്‍ഡ് അവന്‍ സ്വന്തമാക്കിയത്. 

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായ ബോബിയുടെ മരണവാര്‍ത്ത അറിഞ്ഞതില്‍ ദു:ഖമുണ്ടെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അധികൃതര്‍ തിങ്കളാഴ്ച പറഞ്ഞു. ബോബി 31 വര്‍ഷവും 165 ദിവസവും ജീവിച്ചിരുന്നുവെന്നും ശനിയാഴ്ച മരിച്ചുവെന്നും അവരുടെ വെബ്സൈറ്റില്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

1992 മെയ് 11 നാണ് ബോബി ജനിച്ചത്. ഏകദേശം 10 മുതല്‍ 14 വര്‍ഷം വരെ ശരാശരി ആയുര്‍ദൈര്‍ഘ്യമുള്ള റഫീറോ ഡോ അലന്റേജോ ഇനത്തില്‍പ്പെട്ട നായയാണ് ബോബി. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായ മാത്രമല്ല, പകരം എക്കാലത്തെയും പ്രായം കൂടിയ നായ കൂടിയാണ് ബോബി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.