ജോസ്‌വിൻ കാട്ടൂർ
വത്തിക്കാൻ സിറ്റി: യുദ്ധങ്ങളും ആസൂത്രിത കുടിയേറ്റങ്ങളും വർദ്ധിക്കുകയും കൂടുതൽ ആളുകൾ ഓൺലൈൻ ജീവിതശൈലികൾ സ്വീകരിക്കുകയും ചെയ്യുന്ന ആധുനികലോകത്ത് മനുഷ്യക്കടത്ത് എന്ന തിന്മയും വ്യാപകമാകുന്നതായി 'തലീത്താ കും' (ബാലികയെ എഴുന്നേൽക്കു)എന്ന അന്താരാഷ്ട്ര മുന്നേറ്റത്തിന്റെ യൂറോപ്യൻ പ്രതിനിധിയായ സിസ്റ്റർ അദീനാ ബാലൻ. സാമൂഹ്യ മാധ്യമങ്ങൾ കൂടുതലായി ഉപയോഗിക്കുന്നവരും ഏകാന്തതയനുഭവിക്കുന്നവരുമാണ് മനുഷ്യകടത്തിന് ഇരകളാകാൻ കൂടുതൽ സാധ്യതയുള്ളവരെന്നും വത്തിക്കാൻ ന്യൂസിനു നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
മനുഷ്യക്കടത്തിനും മറ്റു ചൂഷണങ്ങൾക്കുമെതിരെ പ്രവർത്തിക്കുന്ന സന്യസ്തസഹോദരിമാരുടെ അന്താരാഷ്ട്ര മുന്നേറ്റമാണ് 'തലീത്ത കും' എന്ന പേരിൽ അറിയപ്പെടുന്നത്. മനുഷ്യക്കടത്ത് എന്ന കുറ്റകൃത്യത്തെക്കുറിച്ച് ഇന്ന് പലർക്കും അവ്യക്തമായ ധാരണ മാത്രമാണുള്ളത്. വിദൂരത്തെവിടെയോ നടക്കുന്ന ഒരു വിപത്ത് എന്നതിലപ്പുറമുള്ള ഒരു പ്രാധാന്യം ആരും അതിനു കൊടുക്കാറില്ല. എന്നാൽ, മനുഷ്യക്കടത്ത് മുമ്പെന്നത്തേക്കാളധികം ഇന്ന് വ്യാപകമാണ്. അതിരുകൾക്കപ്പുറം വികസിത, വികസ്വര രാജ്യങ്ങളെ ഒരുപോലെ ബാധിക്കുന്ന ആഗോള പ്രശ്നമാണ് മനുഷ്യക്കടത്ത് - സിസ്റ്റർ ബാലൻ പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങൾ, ഡേറ്റിങ് വെബ്സൈറ്റുകൾ മുതലായവയിലൂടെയാണ് മനുഷ്യക്കടത്തുകാരായ ഓൺലൈൻ കുറ്റവാളികൾ ഇരകളെ തിരിച്ചറിയുന്നതും ആകർഷിക്കുന്നതും - സിസ്റ്റർ അദീന വിശദീകരിച്ചു.
അവർ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇരകളെ വശീകരിക്കുകയും, യുദ്ധങ്ങൾ, സംഘർഷങ്ങൾ, രാഷ്ട്രീയ അസ്ഥിരത, കുടിയേറ്റം തുടങ്ങിയ സാഹചര്യങ്ങളെല്ലാം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതായി സിസ്റ്റർ കൂട്ടിച്ചേർത്തു.
ഇരകൾ ദുർബലരായ ആളുകൾ
ദുർബലരായ ആളുകൾ പ്രത്യേകിച്ച്, സ്ത്രീകൾ, കുട്ടികൾ, കുടിയേറ്റക്കാർ, അഭയാർത്ഥികൾ, അംഗവൈകല്യമുള്ളവർ, ദാരിദ്ര്യം അനുഭവിക്കുന്നവർ പാർശ്വവൽക്കരിക്കപ്പെട്ടവർ മുതലായവരാണ് ഇരകളാക്കപ്പെടുന്നവരിലധികവും. ലൈംഗികചൂഷണം, നിർബന്ധിതവിവാഹം, ബാലവേല നിർബന്ധിത സൈനികസേവനം, അവയവകച്ചവടം, ഗാർഹികപീഡനം തുടങ്ങി നിരവധി തിന്മകളാണ് ഇരകൾ അനുഭവിക്കേണ്ടിവരുന്നത് - സിസ്റ്റർ വിശദീകരിച്ചു.
അപകടസാധ്യതയുള്ള പ്രദേശങ്ങൾ
കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ പോലെയുള്ള ചില പ്രദേശങ്ങളിലാണ് മനുഷ്യക്കടത്തിന്റെ അപകടസാധ്യത ഏറ്റവും ഉയർന്ന നിലയിലുള്ളതെന്ന് സിസ്റ്റർ അദീന ചൂണ്ടിക്കാട്ടി. ആഫ്രിക്കയിൽ നിന്നോ മിഡിൽ ഈസ്റ്റിൽ നിന്നോ യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിൽ നിന്നോ കൊണ്ടുവരുന്ന ഇരകളുടെ കൈമാറ്റങ്ങൾ നടക്കുന്ന രാജ്യങ്ങളായി ഇറ്റലിയും ഗ്രീസും മാറിയിരിക്കുന്നു. കൂടാതെ, ജർമ്മനി, സ്പെയിൻ, യുകെ, ഫ്രാൻസ്, നെതർലൻഡ്സ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളും മനുഷ്യക്കടത്തുകാരുടെ പ്രധാന കേന്ദ്രങ്ങളാണ്.
ഓൺലൈൻ മനുഷ്യക്കടത്ത്
മനുഷ്യക്കടത്തുകാർ ഇപ്പോഴും പഴയ റിക്രൂട്ട്മെന്റ് മർഗങ്ങൾ അവലംബിക്കാറുണ്ട്. ഇതിനായി ഇരകളെ വ്യക്തിപരമായോ അല്ലെങ്കിൽ അവരുടെ കുടുംബാംഗങ്ങളിലൂടെയോ അവരുമായി അടുപ്പമുള്ളവരിലൂടെയോ സമീപിക്കുന്നു. അതിനേക്കാളധികമായി, സോഷ്യൽ മീഡിയയിലൂടെയുള്ള പരസ്യങ്ങൾ വ്യാപകമായി ഉപയോഗിച്ചു കൊണ്ടാണ് അവർ ഇന്ന് സ്ത്രീകളെയും യുവാക്കളെയും ആകർഷിക്കുന്നത്.
കോവിഡ്-19 മഹാമാരിമൂലമുണ്ടായ നിയന്ത്രണങ്ങൾ, ഓൺലൈൻ മനുഷ്യക്കടത്തിന് വലിയതോതിൽ വഴിവെച്ചതായി സിസ്റ്റർ അഭിപ്രായപ്പെട്ടു, കോവിഡ് കാലത്ത് ഒറ്റപ്പെട്ടുപോയ ചില ചെറുപ്പക്കാരാണ് സാഹസിക പ്രവർത്തനങ്ങൾക്കായി മുതിരുകയും അതേത്തുടർന്ന്, ചൂഷണങ്ങൾക്ക് ഇരയായിത്തീരുകയും ചെയ്തത് - അവർ പറഞ്ഞു
ലൈംഗിക ചൂഷണത്തിനായി മനുഷ്യക്കടത്തുകാർ ഉപയോഗിക്കുന്ന ദുഷിച്ച രീതിയാണ് 'ലവർബോയ് ' എന്നറിയപ്പെടുന്ന ഏർപ്പാട് - സിസ്റ്റർ മുന്നറിയിപ്പ് നൽകി.
'ലവർബോയ്സ്' കുറ്റവാളികൾ ഇരകളെ ആകർഷിച്ച് വാത്സല്യപൂർവ്വമായ വാഗ്ദാനങ്ങൾ നൽകി, അവരുടെ വിശ്വാസവും തങ്ങളിലുള്ള ആശ്രയബോധവും നേടിയെടുക്കുന്നു. വീടു വിട്ടു പോകാനുള്ള പ്രലോഭനം, വിദേശ യാത്ര, കുടുംബം എന്നിങ്ങനെയുള്ള ഇരകളുടെ സ്വപ്നങ്ങളാണ് കുറ്റവാളികൾ മുതലെടുക്കുന്നത്. മോഹനവാഗ്ദാനങ്ങൾ നൽകുന്ന അവർ, പിന്നീട് അതേ സ്വപ്നങ്ങൾ ഇരയ്ക്കെതിരെ പ്രയോഗിക്കുന്നു. അങ്ങനെ ബന്ധം സ്ഥാപിച്ചു കഴിഞ്ഞാൽ, ഓൺലൈനിൽ എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിനുള്ള മാർഗമായി ലൈംഗിക പ്രവർത്തികളെ നിർദ്ദേശിക്കുകയും അതുവഴി ലഭിക്കുന്ന പണം ഒരുമിച്ച് ചെലവഴിക്കാമെന്നുള്ള വാഗ്ദാനം നൽകുകയും ചെയ്യുന്നു. ക്രമേണ ഇരകൾ ലൈംഗിക ചൂഷണങ്ങൾക്കും മറ്റു പീഡനങ്ങൾക്കും അടിപ്പെട്ടുപോകുന്നു.
വീഡിയോ ചാറ്റിംഗ് വർദ്ധിക്കുന്നു
മനുഷ്യക്കടത്ത് നടത്തുന്നവർ തങ്ങളുടെ ഇരകളെ റിക്രൂട്ട് ചെയ്യാൻ പലപ്പോഴും ഉപയോഗിക്കുന്ന ഒരു ചാനലാണ് വീഡിയോ ചാറ്റിംഗ്. കിഴക്കൻ യൂറോപ്പിലെ രാജ്യമായ റൊമേനിയയിൽ മാത്രം 20 ലക്ഷത്തിലധികം ആളുകൾ ഇത്തരത്തിലുള്ള വീഡിയോ ചാറ്റിംഗുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇവരിൽ എത്ര പേർ ചൂഷണത്തിന് ഇരകളായിട്ടുണ്ടെന്നും അവരുടെ ഇപ്പോഴത്തെ സാമ്പത്തികാവസ്ഥ എന്താണെന്നും യാതൊരു വിവരങ്ങളും ലഭ്യമല്ല.
ആൺകുട്ടികൾ ദുരുപയോഗിക്കപ്പെടുന്നതും പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുന്നതും പണം നൽകി ഓൺലൈനിൽ ഈ പ്രവൃത്തികൾ കാണുന്നതുമെല്ലാം ഇന്ന് വ്യപകമായി നടക്കുന്നു. ഓൺലൈൻ കുറ്റകൃത്യങ്ങൾ തിരിച്ചറിയാനായി നിയമിക്കപ്പെട്ടിട്ടുള്ള പോലീസ് അധികാരികൾ ഇക്കാര്യത്തിൽ കൂടുതൽ ശക്തമായി ഇടപെടണമെന്ന് സിസ്റ്റർ അദീന ആവശ്യപ്പെട്ടു.
മനുഷ്യക്കടത്തിന്റെ മറ്റു മുഖങ്ങളായ നിർബന്ധിത ജോലി, അവയവക്കടത്ത്, ഗാർഹിക അടിമവേല എന്നിവയെപ്പറ്റിയും സിസ്റ്റർ വിശദീകരിച്ചു. വാടക ഗർഭധാരണം, വൃക്ക നീക്കംചെയ്യൽ തുടങ്ങിയ നിരവധി ചതികൾക്ക് ഇരകൾ വിധേയരാക്കപ്പെടുന്നു. ഇവയ്ക്കെല്ലാം പുറമേയാണ് കടത്തിക്കൊണ്ടുപോകലിനിടയിൽ അനുഭവേണ്ടിവരുന്ന ദുരിതങ്ങൾ - അവർ ചൂണ്ടിക്കാട്ടി. കത്തോലിക്കാ സന്യാസമൂഹങ്ങൾക്ക് മനുഷ്യക്കടത്തിന് എതിരായുള്ള പോരാട്ടത്തിൽ നിർണായകമായ കർത്തവ്യമാണുള്ളതെന്ന് സിസ്റ്റർ അദീന ഓർമിപ്പിച്ചു.
തലീത്താ കുമിന്റെ ദൗത്യങ്ങൾ
മനുഷ്യക്കടത്തിനെതിരായി പ്രവർത്തിക്കുന്ന കത്തോലിക്കാ സന്യാസിനികളുടെ ഒരു അന്താരാഷ്ട്ര നെറ്റ്‌വർക്കാണ് തലീത്താ കും. തങ്ങൾ ഉൾപ്പെട്ടിരിക്കുന്ന സന്യാസ സമൂഹങ്ങളുടെ പ്രത്യേക സിദ്ധികൾക്കനുസൃതമായ പ്രവർത്തനങ്ങൾക്ക് പുറമേ, അതിജീവിച്ചവർക്ക് ആത്മീയ മാർഗനിർദേശങ്ങളും മറ്റു സഹായങ്ങളും നൽകുന്നതിലും അവരെ പുനരധിവസിപ്പിക്കുന്നതിലും നെറ്റ്‌വർക്ക് അംഗങ്ങൾ ശ്രദ്ധിക്കുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുമായി ചേർന്ന് വിദ്യാഭ്യാസത്തിലൂടെയും മറ്റു ബോധവൽക്കരണ പരിപാടികളിലൂടെയും മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങളിൽ അവർ തങ്ങളുടെതായ പങ്കുവഹിക്കുന്നു.
മനുഷ്യന്റെ മാന്യതയ്ക്കും അന്തസ്സിനും ഭംഗം വരുത്തുന്ന മനുഷ്യക്കടത്തെന്ന വിപത്തിനെതിരെ ഫലപ്രദമായി പ്രവർത്തിക്കാൻ കത്തോലിക്കാ സന്യാസ സമൂഹങ്ങൾക്ക് സാധിക്കുമെന്ന് സിസ്റ്റർ പ്രസ്താവിച്ചു. നമുക്കൊരുമിച്ച് കൂടുതൽ നീതിപൂർവകവും അനുകമ്പയുള്ളതുമായ ഒരു സമൂഹം കെട്ടിപ്പടുക്കാം - അവർ പറഞ്ഞു നിർത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26