'കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വേണം; ജോസഫ് ഗ്രൂപ്പിന് നല്‍കരുത്': ഡിസിസി നേതൃത്വം

'കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വേണം; ജോസഫ് ഗ്രൂപ്പിന് നല്‍കരുത്': ഡിസിസി നേതൃത്വം

കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നല്‍കുന്ന കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം. വിജയ സാധ്യതയുളള സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കണമെന്നാണ് ഡിസിസി ആവശ്യപ്പെടുന്നത്.

ഗ്രൂപ്പ് താല്‍പര്യങ്ങളുടെ പേരിലും വ്യക്തി താല്‍പര്യങ്ങളുടെ പേരിലും പല ചേരികളുളള കോട്ടയത്തെ കോണ്‍ഗ്രസില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ കുറിച്ചുളള ചര്‍ച്ചകളില്‍ ഏതാണ്ട് എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്.

സംസ്ഥാനത്ത് യുഡിഎഫിന് ഏറ്റവുമധികം വിജയ സാധ്യതയുളള സീറ്റുകളിലൊന്നായ കോട്ടയത്ത് കൈപ്പത്തി ചിഹ്നത്തില്‍ തന്നെ ഒരു സ്ഥാനാര്‍ഥി ഉണ്ടാകണമെന്ന കാര്യത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം രൂപപ്പെട്ടിരിക്കുന്നത്. എന്നാല്‍ മുന്നണിയില്‍ വിവാദങ്ങള്‍ ഉയരുമെന്നതിനാല്‍ ഇക്കാര്യം പരസ്യമായി സമ്മതിക്കാന്‍ തല്‍ക്കാലം നേതാക്കള്‍ തയാറല്ല.

പിളര്‍പ്പിന് മുമ്പുളള കേരള കോണ്‍ഗ്രസിനാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് കൊടുത്തതെന്നതിനാല്‍ സീറ്റിന്റെ കാര്യത്തിലെ ജോസഫ് ഗ്രൂപ്പിന്റെ അവകാശ വാദങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടതില്ലെന്ന നിലപാടാണ് കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്.

മുന്നണി മര്യാദയുടെ പേരില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത ഉണ്ടായിരുന്ന ഏറ്റുമാനൂര്‍ ജോസഫിന് കൊടുത്ത് നഷ്ടപ്പെടുത്തിയ സ്ഥിതി പാര്‍ലമെന്റില്‍ ആവര്‍ത്തിക്കരുതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നു.

സീറ്റ് ജോസഫ് ഗ്രൂപ്പിന് നല്‍കും മുമ്പ് ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. അടുത്ത വര്‍ഷം ഒഴിവു വരുന്ന രാജ്യസഭ സീറ്റുകളിലൊന്ന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ജോസഫ് ഗ്രൂപ്പില്‍ നിന്ന് ലോക്‌സഭ സീറ്റ് ഏറ്റെടുക്കണമെന്ന നിര്‍ദേശവും ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.