മലപ്പുറത്ത് മൂന്ന് കുട്ടികളടക്കം 18 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു

മലപ്പുറത്ത് മൂന്ന് കുട്ടികളടക്കം 18 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറത്ത് മൂന്ന് കുട്ടികളടക്കം 18 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. ഈ വര്‍ഷം ഒമ്പത് കുട്ടികള്‍ക്കും 38 മുതിര്‍ന്നവര്‍ക്കും രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ബാലമിത്ര പദ്ധതിയിലൂടെയാണ് കുട്ടികളിലെ കുഷ്ഠ രോഗം കണ്ടെത്തിയത്. 2023 സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 30 വരെ ആണ് മലപ്പുറം ജില്ലയില്‍ ബാല മിത്ര 2.0 ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. കുട്ടികളില്‍ ഉണ്ടാകുന്ന കുഷ്ഠ രോഗം നേരത്തെ കണ്ടെത്തുന്നതിനും ചികിത്സ നടത്തുന്നതിനുമുള്ള പരിപാടിയാണ് ബാല മിത്ര.

സ്‌കൂള്‍ അധ്യാപകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി ഇവര്‍ വഴി കുട്ടികളെ സ്‌ക്രീനിങ് പരിശോധനകള്‍ നടത്തുകയും കുഷ്ഠരോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സൗജന്യമായി വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്യുക എന്നതാണ് ബാലമിത്ര പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

നേരത്തെ കണ്ടെത്തിയാല്‍ ചികിത്സ വഴി പൂര്‍ണമായും ഭേദമാക്കാവുന്ന അസുഖമാണ് കുഷ്ഠരോഗം. സ്‌കൂളുകളിലും അംഗന്‍വാടികളിലും കൃത്യമായ ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തിയതിന്റെ ഫലമായി വിദ്യാര്‍ത്ഥികളും അധ്യാപകരും വഴി രക്ഷിതാക്കളിലേക്ക് കൃത്യമായ സന്ദേശങ്ങള്‍ എത്തുകയും എല്ലാവരും കുഷ്ഠരോഗ പ്രതിരോധത്തെ കുറിച്ച് ബോധവാന്മാരാകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രക്ഷിതാക്കളിലും കുട്ടികളിലും ശാസ്ത്രീയമായി തന്നെ പരിശോധന നടത്തുകയും അതുകൊണ്ടു തന്നെ പുതിയ രോഗികളെ ജില്ലയില്‍ കണ്ടെത്തുകയും ചെയ്യുകയാണ് ഉണ്ടായത്.

ഐക്യരാഷ്ട്രസഭ സഭയുടെ നിര്‍ദേശ പ്രകാരം 2030 ഓടുകൂടി ലോകത്തില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ട രോഗങ്ങളില്‍ ഒന്നാണ് കുഷ്ഠ രോഗം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.