ബന്ദികളെ ഉടൻ വിട്ടയക്കുക, ഗാസയിലെ മാനുഷിക പരി​ഗണന ഉറപ്പുവരുത്തുക; യുദ്ധം നിർത്തണമെന്ന് വീണ്ടും അപേക്ഷയുമായി മാർപ്പാപ്പ

ബന്ദികളെ ഉടൻ വിട്ടയക്കുക, ഗാസയിലെ മാനുഷിക പരി​ഗണന ഉറപ്പുവരുത്തുക; യുദ്ധം നിർത്തണമെന്ന് വീണ്ടും അപേക്ഷയുമായി മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: യുദ്ധം അവസാനിപ്പിക്കാൻ വീണ്ടും ശക്തമായ ഇടപെടലുമായി ഫ്രാൻസിസ് മാർപ്പാപ്പ. ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ എത്രയും വേഗം വിമോചിപ്പിക്കുവാൻ മാർപ്പാപ്പ വീണ്ടും ആഹ്വാനം ചെയ്തു. ഗാസയിൽ മാനുഷിക ഇടനാഴികൾ തുറന്നു കൊടുത്തുകൊണ്ട് ദ്രുതഗതിയിൽ സഹായങ്ങൾ എത്തിക്കുവാനുള്ള നടപടികൾ സ്വീകരിക്കുവാനും പാപ്പാ ആഹ്വാനം ചെയ്തു.

ലോകത്തിന്റെ വിവിധ ഇടങ്ങളിൽ രൂക്ഷമായി തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കുവാനും സമാധാനം പുനസ്ഥാപിക്കപെടുവാനും ഒക്ടോബർ 27 വെള്ളിയാഴ്ച ഉപവാസ പ്രാർത്ഥനാ ദിനമായി ആചരിക്കണം എന്ന് ഒരിക്കൽ കൂടെ ഫ്രാൻസിസ് പാപ്പാ ഓർമിപ്പിച്ചു. ഒക്ടോബർ ഇരുപത്തിയഞ്ചാം തീയതി നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ ആണ് പാപ്പാ പ്രാർത്ഥന ദിനത്തെ കുറിച്ച് വീണ്ടും ഓർമിപ്പിച്ചത്. ഉപവാസ പ്രാർത്ഥനാ ദിനമായ ഒക്ടോബർ 27നു ഇറ്റാലിയൻ സമയം വൈകുന്നേരം ആറു മണിക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പ്രത്യേക പ്രാർത്ഥനാകർമ്മങ്ങൾ നടത്തപ്പെടുമെന്നും പാപ്പാ പറഞ്ഞു.

അതേ സമയം ആർക്കും ഭീഷണിയില്ലാത്ത സാധാരണക്കാരാണ് ​ഗാസയിലുള്ളതെന്ന് ഇടവക വികാരി ഗബ്രിയേൽ റൊമാനെല്ലി. ബോംബാക്രമണങ്ങൾ നിർത്തണമെന്നും ആർക്കും ഭീഷണിയില്ലാത്ത ഗാസയിലെ സാധാരണ പൗരന്മാർക്ക് മാനുഷിക ഇടനാഴികൾ ഒരുക്കണമെന്നും വൈദികൻ ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച ആക്രമണമുണ്ടായ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ നിന്ന് 400 മീറ്റർ മാത്രം അകലെയാണ് തങ്ങളുടെ ഇടവകയെന്ന് ഫാ. ഗബ്രിയേൽ വിശദീകരിച്ചു. അവർ തങ്ങളുടെ അയൽക്കാരാണ്. എല്ലാവരെയും ദുരന്തം ആഴത്തിൽ ബാധിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മറ്റുള്ളവർ ഇടവകയിൽ അഭയം തേടിയതായും അദേഹം കൂട്ടിച്ചേർത്തു

കുട്ടികൾ ഉൾപ്പെടെ ഏകദേശം എഴുനൂറോളം ആളുകൾ അഭയം പ്രാപിച്ചിട്ടുണ്ട്. ഗാസ മുനമ്പിൽ ഉടനീളം കൊല്ലപ്പെട്ടവരുടെ എണ്ണം 5,100 കവിഞ്ഞു, ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റെന്നു ഫാ. ഗബ്രിയേൽ പറഞ്ഞു. തങ്ങൾ ആവശ്യപ്പെടുന്നത് ഈ യുദ്ധം അവസാനിപ്പിക്കാനും എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കാൻ മാനുഷിക ഇടനാഴികൾ സൃഷ്ടിക്കാനും വേണ്ടിയാണ്.

നമ്മുടെ സമാധാനത്തിന്റെ മാതാവായ കന്യകാമറിയം സമാധാനം നൽകട്ടെ, എല്ലാ ഇരകൾക്കും പരിക്കേറ്റവർക്കും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. കൂടാതെ വിശുദ്ധ നാട്ടിലെ ജനങ്ങളുടെ നന്മയ്ക്കായി ത്യാഗങ്ങൾ അർപ്പിക്കുന്ന എല്ലാവർക്കും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നെന്നും വൈദികൻ കൂട്ടിച്ചേർത്തു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26