കാട്ടുകുതിരകളുടെ എണ്ണം അനിയന്ത്രിതമായി പെരുകുന്നു; ആകാശത്ത് നിന്ന് വെടിവെച്ചുകൊല്ലാനുള്ള തീരുമാനവുമായി ന്യൂ സൗത്ത് വെയിൽസ് ഭരണകൂടം

കാട്ടുകുതിരകളുടെ എണ്ണം അനിയന്ത്രിതമായി പെരുകുന്നു; ആകാശത്ത് നിന്ന് വെടിവെച്ചുകൊല്ലാനുള്ള തീരുമാനവുമായി ന്യൂ സൗത്ത് വെയിൽസ് ഭരണകൂടം

സിഡ്നി: ഓസ്ട്രേലിയയിലെ കോശിസ്‌കൊ ദേശീയ ഉദ്യാനത്തിൽ അനിയന്ത്രിതമായി പെരുകുന്ന കാട്ടു കുതിരകളെ നിയന്ത്രിക്കാൻ ശക്തമായ നടപടികളുമായി ഭരണകൂടം. വംശനാശഭീഷണി നേരിടുന്ന വന്യജീവികളെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി കാട്ടു കുതിരകളെ ആകാശത്തിൽ നിന്ന് വെടിവെച്ച് കൊലപ്പെടുത്തുമെന്ന് ന്യൂ സൗത്ത് വെയിൽസ് പരിസ്ഥിതി മന്ത്രി പെന്നി ഷാർപ്പ് പറഞ്ഞു. കാട്ടു കുതിരകളെ നിയന്ത്രിക്കാൻ മറ്റ് മാർ​ഗങ്ങൾ നിലനിൽക്കെയാണ് ഈ വെടിവെപ്പെന്നതും ശ്രദ്ധേയം. പാർലമെന്റിലെ 82 ശതമാനം പേർ ഈ നടപടിയെ പിന്തുണച്ചതിന് ശേഷമാണ് പാർക്കിന്റെ മാനേജ്‌മെന്റ് പ്ലാൻ ഭേദഗതി ചെയ്യാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.

കോശിസ്‌കൊ ദേശീയ ഉദ്യാനത്തിൽ ധാരാളം കാട്ടു കുതിരകളുണ്ട്. അതിനാൽ പല ചെറു ജീവജാലങ്ങളും വംശനാശ ഭീഷണിയിലാണ്, മുഴുവൻ ആവാസവ്യവസ്ഥയും ഭീഷണിയിലായതിനാലാണ് നടപടി. ഈ തീരുമാനം ചിലരെ അസ്വസ്ഥരാക്കുമെന്ന് മനസ്സിലാക്കുന്നുണ്ടെന്നും നിയന്ത്രണ പരിപാടികൾ ഏറ്റെടുക്കുന്നതിൽ വിഷമിക്കുന്നവരോട് സഹതപിക്കുന്നതായും ഷാർപ്പ് പറഞ്ഞു. കുതിരകൾ ആവാസവ്യവസ്ഥയ്ക്കും തദ്ദേശീയ സാംസ്കാരിക പൈതൃകത്തിനും നാശമുണ്ടാക്കുന്നതിനാൽ ഒരുപരിസ്ഥിതി മന്ത്രി എന്ന നിലക്ക് തനിക്ക് നോക്കിനിൽക്കാൻ കഴിയില്ല. കാരണം ആ പാർക്കിന് സംഭവിക്കുന്ന ദോഷവും നാശവും വളരെ വലുതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയൻ ആൽപ്‌സിൽ ആയിരക്കണക്കിന് കാട്ടുകുതിരകൾ ഉണ്ടാക്കുന്ന നാശത്തെക്കുറിച്ചുള്ള സെനറ്റ് അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വംശനാശഭീഷണി നേരിടുന്ന ആറ് മൃഗങ്ങളുടെയും രണ്ട് സസ്യങ്ങളുടെയും അവസാന നാശത്തിന് കാരണം കാട്ടു കുതിരകളായിരിക്കാം എന്ന് മെയ് മാസത്തിൽ ഫെഡറൽ ശാസ്ത്ര സമിതി വെളിപ്പെടുത്തിയിരുന്നു.

2027 ഓടെ പാർക്കിലെ കുതിരകളുടെ എണ്ണം 3000 ആയി കുറയ്ക്കുന്നതിന് മറ്റ് മാർ​ഗങ്ങളില്ലാത്തതിനാലാണ് വെടിവെപ്പ് അനുവദിക്കുന്നതെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ വർഷം നവംബറിൽ നടത്തിയ സർവേയിൽ കാട്ടു കുതിരകളുടെ എണ്ണം 18814 ആയി ഉയർന്നതായി കണ്ടെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26