ജോസ്‌വിൻ കാട്ടൂർ
വത്തിക്കാൻ സിറ്റി: റോമിലേക്ക് തീർത്ഥാടനം നടത്തി മാർപാപ്പയുടെ ബുധനാഴ്ചത്തെ പൊതുദർശന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ക്രൊയേഷ്യയിൽ നിന്നുള്ള ഭവനരഹിതരുടെ ഒരു സംഘം. 'സ്ട്രീറ്റ് ലാംപ്സ് ' എന്ന പേരിൽ അവർതന്നെ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന മാസികയുടെ 15-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ യാത്ര.
ഭവനരഹിതരായവർക്കു വേണ്ടിയുള്ള ധനശേഖരണാർത്ഥമാണ് 'സ്ട്രീറ്റ് ലാംപ്സ്' പ്രസിദ്ധീകരിക്കപ്പെടുന്നത്. മാസികയുടെ പ്രചാരകരും വിൽപ്പനക്കാരും സഹകാരികളുമടക്കമുള്ളവർ സംഘത്തിൽ ഉണ്ടായിരുന്നു. ക്രൊയേഷ്യയിലെ റിജേക്കായിലുള്ളതും ഫ്രാൻസിസ്കൻ മൂന്നാം സഭ നടത്തുന്നതുമായ 'റോസസ് ഓഫ് സെന്റ് ഫ്രാൻസിസ്' എന്ന ഭവനരഹിതരുടെ അഭയകേന്ദ്രത്തിൽ താമസിക്കുന്നവരാണ് അവരിലധികവും.
പാപ്പായുടെ പൊതുദർശന പരിപാടിക്കു ശേഷം സംഘത്തോടൊപ്പമുണ്ടായിരുന്ന വൈദികൻ ഫാ. സിനിഷ പൂഷിച്ച് തീർത്ഥാടനത്തെക്കുറിച്ചുള്ള തങ്ങളുടെ അനുഭവങ്ങൾ വത്തിക്കാൻ ന്യൂസുമായി പങ്കുവച്ചു. 'കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി ദൈവം ഞങ്ങളുടെ മേൽ ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയാനാണ് ഞങ്ങൾ ഇവിടെ എത്തിയത്. ജീവിതകാലം മുഴുവൻ ഞങ്ങൾ ഇത് ഓർമ്മയിൽ സൂക്ഷിക്കും - ഫാ. സിനിഷ പറഞ്ഞു.
'സ്ട്രീറ്റ് ലാംപ്സ് '
വൈദികനായി അഭിഷിക്തനാകുന്നതിനു മുമ്പ് താനൊരു പത്രപ്രവർത്തകനും ഫ്രാൻസിസ്കൻ മൂന്നാം സഭയുടെ സജീവ പ്രവർത്തകനുമായിരുന്നെന്ന് ഫാദർ പൂഷിച്ച് പറഞ്ഞു. അക്കാലത്താണ് 'സ്ട്രീറ്റ് ലാംപ്സ്' എന്ന പേരിൽ ഒരു മാസിക തുടങ്ങണമെന്നുള്ള ആശയം തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മാസികയുടെ വില്പനയിലൂടെ ഭവനരഹിതർക്കായുള്ള പാർപ്പിട നിർമ്മാണത്തിന് പണം സമാഹരിക്കാനാണ് പദ്ധതിയിട്ടത്. ഇപ്പോൾ ഈ പദ്ധതി റിജേക്കയിൽ മാത്രമല്ല, ക്രൊയേഷ്യയിലെ മറ്റു നാലു പട്ടണങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഭവനമില്ലായ്മയെ എങ്ങനെ നേരിടാമെന്നുള്ളതിന്റെ ഒരു ഉത്തമ ഉദാഹരണമായി അദ്ദേഹം ഈ പദ്ധതിയെ എടുത്തു കാട്ടി.
ഭവനരഹിതരായിരുന്ന 65 ശതമാനത്തിലധികം ആളുകൾക്ക് ഇന്ന് സ്വന്തമായി ഭവനങ്ങൾ ഉണ്ട്. മദ്യപാനം, മയക്കുമരുന്ന്, ചൂതാട്ടം തുടങ്ങിയ തിന്മകൾക്ക് അടിപ്പെട്ടിരുന്ന അനേകരെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാൻ ഇതിലൂടെ സാധിച്ചു. മറ്റുള്ളവരെ പോലെതന്നെ അന്തസായി ജീവിക്കാൻ ഇത് അവരെ പ്രാപ്തരാക്കി. ദൈവത്തിനും ഇതിനോടു സഹകരിച്ച എല്ലാ സന്നദ്ധസേവകർക്കും താൻ നന്ദി പറയുന്നതായി ഫാ. പൂഷിച്ച് കൂട്ടിച്ചേർത്തു.
ഭവനരഹിതരുടെ ചിത്രം മാറുന്നു
നിരവധി എഴുത്തുകാരുടെയും സന്നദ്ധപ്രവർത്തകരുടെയും സഹകരണത്തോടെയാണ് 'സ്ട്രീറ്റ് ലാംപ്സ്' പ്രവർത്തിക്കുന്നത്. അവരിൽ പലരും ഭവനരഹിതരുമാണ്. ആധികാരികമായ കഥപറച്ചിലിനുള്ള വേദിയാണ് അവർക്ക് ഇതിലൂടെ ലഭിക്കുന്നത്. ക്രൊയേഷ്യൻ സമൂഹത്തിൽ ഭവനരഹിതരെക്കുറിച്ചുള്ള പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള അവസരവും ഇത് വാഗ്ദാനം ചെയ്യുന്നു.
മാസിക വിൽക്കാൻ മാത്രമല്ല, തങ്ങളുടെ ജീവിതഗന്ധിയായ അനുഭവങ്ങൾ എഴുതാനും ഇതിലൂടെ അവർക്ക് സാധിക്കുന്നു. മാസിക വാങ്ങിക്കുന്നവരിൽ അനേകം പേർക്ക്, ഭവനരഹിതരായ ആളുകളെക്കുറിച്ചുള്ള അവരുടെ സങ്കല്പങ്ങളിൽ മാറ്റം വരുത്താനും ഇത് സഹായിച്ചു.
റോബർട്ടിന്റെ അനുഭവം
തീർത്ഥാടനത്തിനായി റോമിൽ എത്തിയ ഭവനരഹിതരിൽ ഒരാളാണ് റോബർട്ട്. ഭവനരഹിതനാകുന്നതിനുമുമ്പ്, ഇംഗ്ലീഷിൽ നിന്ന് ക്രൊയേഷ്യൻ ഭാഷയിലേക്ക് വിവർത്തകനായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി പുസ്തകങ്ങളും സിനിമകളും വിവർത്തനം ചെയ്തിട്ടുണ്ടെന്ന കാര്യം അദ്ദേഹം വത്തിക്കാൻ ന്യൂസുമായി പങ്കുവച്ചു.
'ഈ യാത്ര ഞങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി. പരിശുദ്ധ പിതാവിനെ കാണാനും അദ്ദേഹത്തിന്റെ സന്ദേശങ്ങൾ കേൾക്കാനും സാധിച്ചത് ശരിക്കും ഒരു പ്രചോദനമായിരുന്നു. അതു ഞങ്ങളെ കൂടുതൽ പ്രബുദ്ധരാക്കി. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മനോഹര അനുഭവമായി അതു മാറി' - റോബർട്ട് പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസമായി റിജേക്കയിലെ 'റോസസ് ഓഫ് സെന്റ് ഫ്രാൻസിസ്' ഷെൽട്ടറിലാണ് റോബർട്ട് താമസിക്കുന്നത്. താമസിയാതെതന്നെ അവിടെനിന്ന് മാറിത്താമസിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഒന്നുരണ്ടു വർഷത്തിനുള്ളിൽ വീണ്ടും ഇവിടെ വരുമെന്നും അപ്പോൾ താനൊരു ഭവനരഹിതനായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു അപകടത്തെത്തുടർന്ന് വലതുകാൽപാദത്തിന്റെ അസ്ഥി ഒടിയുകയും, ചെയ്തുകൊണ്ടിരുന്ന തൊഴിൽ തുടരാനാവാതിരിക്കുകയും ചെയ്തപ്പോഴാണ് തനിക്ക് തെരുവിലേക്കിറങ്ങേണ്ടി വന്നതെന്ന് റോബർട്ട് പറഞ്ഞു. അങ്ങനെയാണ് സെന്റ് ഫ്രാൻസിസ് ഷെൽട്ടറിൽ അഭയം തേടിയത്. ഇപ്പോൾ പുതിയ ഒരു തൊഴിലിനു വേണ്ടി അന്വേഷിക്കുന്നതായും ഉടൻതന്നെ അത് കണ്ടെത്തുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരു ഗ്രാഫിക് ഡിസൈനറായ താൻ, ആ നിലയിൽ സ്ട്രീറ്റ് ലാംപ്സ് മാസികയ്ക്കു വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും അതിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ തീർത്ഥാടനത്തിലൂടെ ലഭിച്ച ഊർജ്ജം, ഒരു പുതിയ ജോലിയും പാർപ്പിടവും കണ്ടെത്താൻ തന്നെ സഹായിക്കുമെന്നും അങ്ങനെ മറ്റു മനുഷ്യരെപ്പോലെ ഒരു സാധാരണ ജീവിതം നയിക്കാൻ തനിക്ക് ഉടൻതന്നെ സാധിക്കുമെന്നും പ്രത്യാശിച്ചുകൊണ്ടാണ് റോബർട്ട് അവസാനിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26