യുദ്ധം അവസാനിപ്പിക്കണം: പ്രമേയം പാസാക്കി യുഎന്‍; 120 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ ഇന്ത്യ വിട്ടുനിന്നു

യുദ്ധം അവസാനിപ്പിക്കണം: പ്രമേയം പാസാക്കി യുഎന്‍; 120 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ ഇന്ത്യ വിട്ടുനിന്നു

കാലിഫോര്‍ണിയ: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനെതിരെ പ്രമേയം പാസാക്കി യുഎന്‍ ജനറല്‍ അസംബ്ലി. ഗാസയിലേക്ക് അടിയന്തര സഹായം എത്തിക്കണമെന്നു പ്രമേയം ആവശ്യപ്പെട്ടു. സഹായം എത്തിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കണം. അടിയന്തര വെടി നിര്‍ത്തല്‍ വേണമെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.

ജോര്‍ദാന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഇന്ത്യയടക്കം 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. പ്രമേയത്തിന് 120 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. പതിനാല് രാജ്യങ്ങള്‍ എതിര്‍ത്തു. അതിനിടെ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നതിന്റെ കാരണം വ്യക്തമാക്കി ഇന്ത്യ രംഗത്തെത്തി. സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് നിലപാട്. അതിനാലാണ് വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നതെന്ന് ഇന്ത്യ വ്യക്തമാക്കി.

അതേസമയം ഹമാസിനെതിരായ കര യുദ്ധം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. ടാങ്കുകളുമായി ഇസ്രയേല്‍ സേന ഗാസയിലേക്ക് കടന്നു. വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ സൈന്യവുമായി ഏറ്റുമുട്ടല്‍ നടക്കുകയാണെന്ന് ഹമാസ് സ്ഥിരീകരിച്ചു. ഹമാസിനെ ലക്ഷ്യമാക്കി കടുത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. ഗാസയിലെ ആശയ വിനിമയ സംവിധാനങ്ങളെല്ലാം തകരാറിലായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.