കളമശേരി സ്‌ഫോടനത്തിന് പിന്നില്‍ ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു; പ്രതിയെ കളമശേരിയിലെത്തിച്ച് ചോദ്യം ചെയ്യുന്നു

കളമശേരി സ്‌ഫോടനത്തിന് പിന്നില്‍ ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു; പ്രതിയെ കളമശേരിയിലെത്തിച്ച് ചോദ്യം ചെയ്യുന്നു

കൊച്ചി: കളമശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനം നടത്തിയത് കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിനെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് ബോംബ് സ്ഫോടനം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

പ്രതിയെ കളമശേരിയിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ഇന്റലിജന്‍സ് എ.ഡി.ജി.പി മനോജ് എബ്രഹാം, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ എന്നിവര്‍ കളമശേരി എ.ആര്‍ ക്യാമ്പിലുണ്ട്.

റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ഇയാള്‍ സ്ഫോടനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെടുത്തതായും വിവരമുണ്ട്. രണ്ട് ഐഇഡി വെക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ ഉണ്ട്. അതിന് ശേഷം റിമോര്‍ട്ട് കണ്‍ട്രോളിലാണ് ബോംബ് സ്ഫോടനം നടത്തിയതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഫോണില്‍ ഉള്ളത്.

രണ്ട് സ്ഫോടനം നടത്തിയതിന് ശേഷം ഇയാള്‍ പുറത്തേക്ക് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. പെട്രോള്‍ നിറച്ച കുപ്പിയിലാണ് സ്‌ഫോടക വസ്തു വച്ചത്. സ്‌ഫോടക വസ്തു വാങ്ങിയ കടകളെക്കുറിച്ച് പ്രതി പൊലീസിനോട് പറഞ്ഞു. ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത് ഇന്റര്‍നെറ്റ് വഴിയാണെന്നും മാര്‍ട്ടിന്‍ പൊലീസിന് മൊഴി നല്‍കി. അതേസമയം ഇയാള്‍ മാനസിക പ്രശ്നങ്ങള്‍ കാണിക്കുന്നുവെന്നും പൊലീസ് പറയുന്നു.

ഡൊമിനിക് മാര്‍ട്ടിന്റെ തമ്മനത്തെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തി. ഭാര്യയുടെ മൊഴി രേഖപ്പെടുത്തി. പരിശോധനയില്‍ റിമോര്‍ട്ട് അടക്കമുള്ളവ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇയാള്‍ നടത്തിയ കുറ്റസമ്മത വീഡിയോ പുറത്തു വന്നിരുന്നു. താന്‍ യഹോവ സാക്ഷികളെന്ന സംഘടനയ്ക്കൊപ്പം പതിനാറ് വര്‍ഷമായി ഉണ്ടായിരുന്ന ആളാണ്. ആറ് വര്‍ഷം മുന്‍പ് പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളെ മുഴുവന്‍ വെറുപ്പിന്റെ ആശയത്തിലൂടെ ഭിന്നിപ്പിക്കുന്നതാണ് പ്രസ്ഥാനമെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നു.

തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ ഉച്ചയോടെയാണ് ഡൊമിനിക് മാര്‍ട്ടിന്‍ കീഴടങ്ങിയത്. ഉച്ചയ്ക്ക് 1.30 ന് കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് കീഴടങ്ങുകയായിരുന്നു.

ഇന്ന് രാവിലെ കളമശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്രാ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു സ്ത്രീ മരിക്കുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ കൊച്ചിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ ഒരു കുട്ടി ഉള്‍പ്പെടെ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.