ഗാസയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ ലഭിച്ചു തുടങ്ങി; ബന്ദികളുടെ കുടുംബാംഗങ്ങള്‍ നെതന്യാഹുവിനെ കണ്ടു

ഗാസയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ ലഭിച്ചു തുടങ്ങി; ബന്ദികളുടെ കുടുംബാംഗങ്ങള്‍ നെതന്യാഹുവിനെ കണ്ടു

ഗാസാ സിറ്റി: ഇസ്രയേല്‍ കരയാക്രമണം ശക്തമാക്കിയതോടെ ഗാസയില്‍ നിശ്ചലമായ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ ലഭ്യമായി തുടങ്ങി. മൊബൈല്‍ ഫോണുകള്‍ ഞായറാഴ്ച രാവിലെയോടെ പ്രവര്‍ത്തിച്ചു തുടങ്ങിയെന്ന് ഗാസയില്‍ ഈ സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ അറിയിച്ചു.

ഇന്റര്‍നെറ്റ്, മൊബൈല്‍ സൗകര്യങ്ങള്‍ റദ്ദായതോടെ ഗാസ പൂര്‍ണമായി ഒറ്റപ്പെട്ട നിലയിലായിരുന്നു. അന്താരാഷ്ട്ര സിം കാര്‍ഡുകളും ഉപഗ്രഹ ഫോണുകളുമുള്ള ചിലരാണ് ഈ ദിവസങ്ങള്‍ ഗാസയിലെ സ്ഥിതിഗതികള്‍ പുറം ലോകത്തെത്തിച്ചത്.

അതിനിടെ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ ഷിഫയ്ക്കടുത്ത് ശനിയാഴ്ച രാത്രി ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ആശുപത്രിയുടെ അടിയില്‍ ഹമാസിന്റെ രഹസ്യ ഭൂഗര്‍ഭ കേന്ദ്രം ഉണ്ടെന്ന് ഇസ്രയേല്‍ ആരോപിച്ചു.

അതിനിടെ, ഗാസാ സിറ്റിയിലെ മറ്റൊരു ആശുപത്രിയായ അല്‍ കുദ്‌സ് ഒഴിയാന്‍ ഇസ്രയേല്‍ സൈന്യം ഞായറാഴ്ച നിര്‍ദേശിച്ചതായി ജീവകാരുണ്യ സംഘടനയായ പാലസ്തീനിയന്‍ റെഡ് ക്രെസന്റ് പറഞ്ഞു. 12,000 പേര്‍ അഭയം തേടിയിരിക്കുന്ന ഈ ആശുപത്രിയില്‍ ഒട്ടേറെ രോഗികളുമുണ്ട്.

വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളുടെ ജീവന്‍ അപകടത്തിലാകുമെന്നതിനാല്‍ ഒഴിഞ്ഞുപോകില്ലെന്നാണ് അല്‍ കുദ്‌സ് ഉള്‍പ്പെടെ വിവിധ ആശുപത്രികളുടെ നിലപാട്. തെക്കന്‍ നഗരമായ ഖാന്‍ യൂനിസില്‍ ഇസ്രയേല്‍ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര്‍ മരിച്ചു. ഇതില്‍ പത്തുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

അതിനിടെ ഹമാസ് ബന്ദികളാക്കിയവരുടെ കുടുംബാംഗങ്ങള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കണ്ടു. ബന്ദികളെ വിട്ടുകിട്ടാന്‍ ഇസ്രയേലിലുള്ള പാലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് അവര്‍ പറഞ്ഞു.

തടവുകാരെ വിട്ടയച്ചാലുടന്‍ ബന്ദികളെ കൈമാറാമെന്ന് ഹമാസിന്റെ ഗാസയിലെ രാഷ്ട്രീയകാര്യ വിഭാഗം നേതാവ് യെഹ്യ സിന്‍വറും അറിയിച്ചു. എന്നാല്‍ ഈ വാഗ്ദാനം ഇസ്രയേല്‍ സേനാ വക്താവ് ഡാനിയല്‍ ഹഗാരി തള്ളിക്കളഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.