'രാജീവ് ചന്ദ്രശേഖര്‍ വിഷമല്ല, കൊടുംവിഷം; കേന്ദ്രമന്ത്രി വിടുവായത്തം പറയുന്നു': തിരിച്ചടിച്ച് മുഖ്യമന്ത്രി

'രാജീവ് ചന്ദ്രശേഖര്‍ വിഷമല്ല, കൊടുംവിഷം; കേന്ദ്രമന്ത്രി വിടുവായത്തം പറയുന്നു': തിരിച്ചടിച്ച് മുഖ്യമന്ത്രി

കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനങ്ങള്‍ക്ക് വീണ്ടും കടുത്ത മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജീവ് ചന്ദ്രശേഖര്‍ വെറും വിഷമല്ലെന്നും കൊടും വിഷമാണെന്നും വിടുവായത്തം പറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കളമശേരി സ്ഫോടനം നടന്ന സ്ഥലവും പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ച ശേഷം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജീവ് ചന്ദ്രശേഖറിന്റെ വികലമായ മനസ് കാരണമാണ് ഇത്തരം പ്രസ്താവനകള്‍ അദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും കേരളത്തിന്റേതായ തനിമ തകര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് കേന്ദ്രമന്ത്രി നടത്തിയതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

തീവ്രവാദ ഗ്രൂപ്പുകളോട് കേരള സര്‍ക്കാരിന് മൃദു സമീപനമാണെന്നും പ്രതിപക്ഷം അതിന് കൂട്ടുനില്‍ക്കുകയാണെന്നുമുള്ള കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

കളമശേരി സ്ഫോടനം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തിന് മറ്റെന്തെങ്കിലും മാനമുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും. ഡിജിപി അടക്കം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

സംഭവത്തില്‍ മാധ്യമങ്ങള്‍ മാതൃകാപരമായ നിലപാട് സ്വീകരിച്ചെന്നും ആരോഗ്യകരമായ നിലപാടാണ് അതെന്നും അതിന് നന്ദി രേഖപ്പെടുത്തുന്നുവെന്നുവെന്നും പിണറായി പറഞ്ഞു.

സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരോട് ഡോക്ടര്‍മാരും ആശുപത്രി സംവിധാനങ്ങളും അര്‍പ്പണബോധത്തോടെയാണ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നതെന്നും ചികിത്സയിലുള്ളവരുടെ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.