സമുദായ ശാക്തീകരണം സമൂഹ നന്മയ്ക്ക് വേണ്ടിയാവണം: ഫാ.ഫിലിപ്പ് കവിയില്‍

സമുദായ ശാക്തീകരണം സമൂഹ നന്മയ്ക്ക് വേണ്ടിയാവണം: ഫാ.ഫിലിപ്പ് കവിയില്‍

കത്തോലിക്ക കോണ്‍ഗ്രസ് പനത്തടി ഫൊറോനയുടെയും എകെസിസി യൂത്ത് കൗണ്‍സിലിന്റെയും സംയുക്ത നേതൃ കണ്‍വെന്‍ഷന്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ഫിലിപ്പ് കവിയില്‍ ഉദ്ഘാടനം ചെയ്യുന്നു.

പനത്തടി: കത്തോലിക്കാ സമുദായത്തിന്റെ ശാക്തീകരണത്തിലൂടെ സമുദായ അംഗങ്ങളുടെ സുസ്ഥിതിയും സമൂഹത്തിന്റെ നന്മ നിറഞ്ഞ സഹവര്‍ത്തിത്വവും ഉറപ്പു വരുത്തണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ഫിലിപ്പ് കവിയില്‍. കത്തോലിക്ക കോണ്‍ഗ്രസ് പനത്തടി ഫൊറോനയുടെയും എകെസിസി യൂത്ത് കൗണ്‍സിലിന്റെയും സംയുക്ത നേതൃ കണ്‍വെന്‍ഷന്‍ 'സാല്‍വാസ്-2023' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

വെറുപ്പിന്റെയും വംശീയ വിദ്വേഷത്തിന്റെയും തത്വശാസ്ത്രങ്ങളുടെ ഈ കാലഘട്ടത്തില്‍ സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ക്രൈസ്തവ സാഹോദര്യം വളര്‍ത്തിയെടുക്കാന്‍ ക്രൈസ്തവ സംഘടനകള്‍ക്കാവണം.

സാമുദായിക സംഘടനകള്‍ അനാരോഗ്യകരമായ ധ്രുവീകരണത്തിന് കാരണമാകാതെ പരസ്പര സഹായത്തിലൂടെ സമൂഹത്തില്‍ ശാന്തിയും സമാധാനവും കൈവരിക്കുവാന്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും ഫാ.ഫിലിപ്പ് കവിയില്‍ പറഞ്ഞു.

വൃക്കദാനം ചെയ്ത ഫാ.ജോര്‍ജ് പഴേപ്പറമ്പിലിനെ പനത്തടി സെ്ന്റ് ജോസഫ് പള്ളി വികാരി ഫാ.ജോസഫ് വാരണാത്ത് ആദരിച്ചു. യൂത്ത് കൗണ്‍സില്‍ സംഘടിപ്പിച്ച പ്രസംഗ, പോസ്റ്റര്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം എകെസിസി. തലശേരി അതിരൂപതാ പ്രസിഡന്റ് ടോണി പുഞ്ചക്കുന്നേല്‍ നിര്‍വഹിച്ചു.

മികച്ച സമ്മിശ്ര കര്‍ഷക പുരസ്‌കാര ജേതാവായ ഷാജി പുളിന്താനത്തെ കത്തോലിക്ക കോണ്‍ഗ്രസ് പനത്തടി ഫൊറോന ഡയറക്ടര്‍ ഫാ. ആന്റണി ചാണേക്കാട്ടിലും പ്രേം നസീര്‍ സുഹൃത് സമിതിയുടെ മാധ്യമ പുരസ്‌കാരം നേടിയ മാതൃഭൂമി ലേഖിക ആഖിന്‍ മരിയയെ ഫാ.ഫിലിപ്പ് കവിയിലും അനുമോദിച്ചു.

എകെസിസി ഫൊറോന പ്രസിഡന്റ് ജോണി തോലംപുഴ അധ്യക്ഷനായിരുന്നു. എകെസിസി തലശേരി അതിരൂപതാ വൈസ് പ്രസിഡന്റ് പീയുസ് പാറേടം, പനത്തടി യൂണിറ്റ് പ്രസിഡന്റ് ബാബു പാലാപറമ്പില്‍, ഫൊറോന യൂത്ത് കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍മാരായ റോണി ആന്റണി, രാജീവ് കണിയാംതറ എന്നിവര്‍ പ്രസംഗിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.