ഹോളോകോസ്റ്റിന് ശേഷം തങ്ങള്‍ കണ്ട ഏറ്റവും ക്രൂരനായ ശത്രുവാണ് ഹമാസെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി.
പാരീസ്: ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ യൂറോപ്യന്‍ യൂണിയനിലുടനീളം ജൂത വിരുദ്ധത അതിവേഗം വ്യാപിക്കുകയാണെന്ന വിമര്‍ശനവുമായി യൂറോപ്യന്‍ കമ്മീഷന്‍. യൂറോപ്പിലുള്ള ജൂതന്മാര്‍ ഭയപ്പാടോടെ ജീവിക്കുന്ന സാഹചര്യത്തിലേക്ക് വീണ്ടും എത്തിയെന്ന് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
യൂറോപ്പിന്റെ പല ഭാഗങ്ങളിലും ജൂതര്‍ക്കെതിരായ ആക്രമണങ്ങളില്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജൂത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അസാധാരണമായ രീതിയില്‍ വളര്‍ന്നിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ചരിത്രത്തിലെ തന്നെ ഇരുണ്ട നാളുകളെയാണ് ഈ സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ജൂതവിരുദ്ധ പ്രവര്‍ത്തനങ്ങളെ ശക്തമായ ഭാഷയില്‍ അപലപിക്കുകയാണെന്നും യൂറോപ്പ് എല്ലാക്കാലത്തും ഈ ക്രൂരതകള്‍ക്ക് എതിരാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ഓസ്ട്രിയ, ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ജൂതര്‍ക്കെതിരെ വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കി അക്രമികള്‍ തെരുവിലിറങ്ങുന്ന സാഹചര്യമുണ്ടായെന്നും കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹമാസ് ആക്രമണങ്ങള്‍ക്കെതിരെ ഇസ്രയേല്‍ ശക്തമായി തിരിച്ചടിച്ചതോടെയാണ് വിവിധ രാജ്യങ്ങളിലുള്ള ഹമാസ് അനുകൂലികള്‍ ജൂതന്മാര്‍ക്കെതിരെ ആക്രമണം നടത്തുന്നതെന്നും യൂറോപ്യന്‍ കമ്മീഷന്‍ കുറ്റപ്പെടുത്തി.
അതേസമയം ഹോളോകോസ്റ്റിന് ശേഷം തങ്ങള്‍ കണ്ട ഏറ്റവും ക്രൂരനായ ശത്രുവാണ് ഹമാസെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
'ഞങ്ങള്‍ യുദ്ധം ചെയ്യുക മാത്രമല്ല, ക്രൂരതയ്ക്കെതിരായ നാഗരികതയുടെ പോരാട്ടം കൂടിയാണ് നടത്തുന്നത്. നാഗരികത നിലനില്‍ക്കുന്നില്ലെങ്കില്‍ പ്രാകൃതത്വം ഭരണം നടത്തും. അതിനാല്‍ ഇത് നിങ്ങളുടെയും യുദ്ധമാണ്'- ജറുസലേമില്‍ ബള്‍ഗേറിയന്‍ പ്രധാനമന്ത്രി നിക്കോളായ് ഡെങ്കോവുമായി കൂടിക്കാഴ്ചയില്‍ നെതന്യാഹു പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.