ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് പോരാട്ടം തുടരുന്നതിനിടയില്‍ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടന്റെയും ഓസ്‌ട്രേലിയയുടെയും മുന്‍ പ്രധാനമന്ത്രിമാര്‍ രാജ്യം സന്ദര്‍ശിച്ചു. മുന്‍ യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമാണ് ഇസ്രയേല്‍ സന്ദര്‍ശിച്ചത്.
ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിനെ രണ്ടു രാജ്യങ്ങളുടെയും മുന്‍ പ്രധാനമന്ത്രിമാര്‍ കണ്ടു. ഹമാസ് ആക്രമണം നടത്തിയ തെക്കന്‍ ഗാസ അതിര്‍ത്തി നഗരങ്ങള്‍ ഇരുവരും സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇസ്രയേല്‍ പ്രതിരോധ സേനയുടെ സൈനികരുമായും ഇസ്രയേലിലെ തെക്കന്‍ കമ്മ്യൂണിറ്റികളുമായും അവര്‍ കൂടിക്കാഴ്ച നടത്തും.
യുദ്ധമുഖത്ത് എന്താണ് സംഭവിക്കുന്നതെന്ന് നേരിട്ട് മനസിലാക്കാനുള്ള അവസരമാണിതെന്ന് സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. തങ്ങളുടെ സന്ദര്‍ശനം ഇസ്രയേല്‍ ജനങ്ങളോടും രാഷ്ട്രത്തോടുമുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രകടനമാണ്. ഈ ആശങ്കാജനകമായ സാഹചര്യത്തില്‍, പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പിന്തുണ നല്‍കാനും എങ്ങനെ മുന്നോട്ട് പോകാമെന്ന് ചര്‍ച്ച
ചെയ്യാനുമുള്ള അവസരമാണിത് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാസയില്‍ ഹമാസ് ഭീകരര്‍ ബന്ദികളാക്കിയിരിക്കുന്ന പൗരന്മാരുടെ കുടുംബങ്ങളെയും യുകെ, ഓസ്‌ട്രേലിയ മുന്‍ പ്രധാനമന്ത്രിമാര്‍ സന്ദര്‍ശിക്കും. ബോറിസ് ജോണ്‍സണിന്റെയും സ്‌കോട്ട് മോറിസണിന്റെയും സന്ദര്‍ശനത്തിന് ഐക്യരാഷ്ട്ര സഭയിലെ മുന്‍ ഇസ്രയേലി അംബാസഡര്‍ ഡാനി ഡാനോന്‍ ആതിഥേയത്വം വഹിച്ചു.
ഇസ്രയേലിനെ ശക്തമായി പിന്തുണയ്ക്കുന്ന സ്‌കോട്ട് മോറിസന്റെ നിലപാടുകള്‍ ഓസ്‌ട്രേലിയയില്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. 2018-ല്‍ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍, പടിഞ്ഞാറന്‍ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ഔദ്യോഗികമായി അംഗീകരിച്ചതായി അദ്ദേഹം നിലപാട് എടുത്തിരുന്നു. ഇതുകൂടാതെ ഇസ്രയേലിലെ ഓസ്ട്രേലിയയുടെ എംബസി ടെല്‍ അവീവില്‍ നിന്ന് അവിടേക്ക് മാറ്റാനുള്ള ആശയം അവതരിപ്പിച്ചു, ഇത് വലിയ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.
2022-ല്‍, അല്‍ബനീസി സര്‍ക്കാര്‍ പശ്ചിമ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചത് റദ്ദാക്കി, എംബസി ടെല്‍ അവീവില്‍ തന്നെ തുടരാനും തീരുമാനിച്ചു.
യുദ്ധത്തില്‍ പൂര്‍ണമായും തകര്‍ന്ന ഗാസയില്‍ ആഴ്ചകളോളം കുടുങ്ങിപ്പോയ നിരവധി ഓസ്ട്രേലിയക്കാര്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മോറിസന്റെ സന്ദര്‍ശനം.
ശനിയാഴ്ച നാലംഗ കുടുംബം അഡ്ലെയ്ഡിലും മൂന്നംഗ കുടുംബം മെല്‍ബണിലും എത്തി. 12 യാത്രക്കാര്‍ ഞായറാഴ്ച രാത്രി വിമാനത്തില്‍ സിഡ്നിയില്‍ എത്തും. കഴിഞ്ഞയാഴ്ച ഗാസയില്‍ നിന്ന് റഫ ക്രോസിംഗ് വഴി ഈജിപ്റ്റിലേക്ക് പലായനം ചെയ്ത 25 പേരില്‍ 19 ഓസ്ട്രേലിയക്കാരും ഉള്‍പ്പെടുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.