മെൽബൺ: ഓസ്ട്രേലിയയിലെ ടെലി കോം ഭീമനായ ഒപ്റ്റസിൻറെ നെറ്റ് വർക്ക് സേവനങ്ങൾ തടസപ്പെട്ടു. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ഒപ്റ്റസിൻറെ നെറ്റ് വർക്കിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇപ്പോഴത്തെ റിപ്പോർട്ടുകൾ അനുസരിച്ച് പതിയെ സർവീസുകൾ പുനരാരംഭിച്ച് വരുന്നു. എന്നാൽ കാരണം അഞ്ജാതമാണ്.
മൊബൈൽ ഫോണുപയോഗിച്ച് കോളുകൾ വിളിക്കാനും സ്വീകരിക്കാനും കഴിയുന്നില്ലെന്നും, മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് തടസ്സം നേരിടുന്നുണ്ടെന്നും പല ഉപഭോക്താക്കളും സമൂഹ മാധ്യമങ്ങളിലൂടെ റിപ്പോർട്ട് ചെയ്തു. ഒപ്റ്റസ് നെറ്റ് വർക്ക് പ്രവർത്തന രഹിതമായത് ദശലക്ഷക്കണക്കിന് ഓസ്‌ട്രേലിയൻ ഉപഭോക്താക്കളെയും ബിസിനസുകളെയും ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുകയാണ്. അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നു. പുനസ്ഥാപിക്കുന്നതിനായി നിരവധി വഴികൾ പരീക്ഷിച്ചു, എന്നാൽ ഒന്നും ഇതുവരെ വിജയിച്ചിട്ടില്ലെന്ന് ഒപ്റ്റസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ കെല്ലി ബയേർ റോസ്മറിൻ രാവിലെ പങ്കിട്ട സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. ഞങ്ങളുടെ ടീം ഇപ്പോഴും സാധ്യമായ എല്ലാ വഴികളും പിന്തുടരുകയാണ്. തകരാർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും എപ്പോൾ സർവീസുകൾ പുനസ്ഥാപിക്കുമെന്ന് പറയാനാകില്ലെന്നും ബയേർ റോസ്മറിൻ പറഞ്ഞു.
സൈബർ ആക്രമണമാണോ നെറ്റ് വർക്ക് പ്രവർത്തനരഹിതമാകാൻ കാരണമെന്ന് ഫെഡറൽ സർക്കാർ അന്വേഷിക്കുന്നുണ്ട്. ഒപ്‌റ്റസിൽ നിന്ന് സർക്കാർ കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും, സർവീസുകൾ ഉടൻ പുനസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്മ്യൂണിക്കേഷൻസ് മന്ത്രി മിഷേൽ റോളണ്ട് പറഞ്ഞു. നെറ്റ് വർക്കിലെ തടസ്സം ആരോഗ്യ സേവനങ്ങളെ ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്. മെൽബണിൽ ആരോഗ്യ പ്രവർത്തകയുടെ ഫോൺ പ്രവർത്തന രഹിതമായതിനാൽ ഹൃദയാഘാതം ഉണ്ടായ രോഗിക്കുവേണ്ടി ആംബുലൻസ് വിളിക്കാൻ കഴിഞ്ഞില്ലെന്ന് എബിസി റേഡിയോ റിപ്പോർട്ട് ചെയ്തു.
വിക്ടോറിയൻ വെർച്വൽ എമർജൻസി ഡിപ്പാർട്ട്‌മെന്റ് ഉൾപ്പെടെ മെൽബണിലെ എല്ലാ പ്രധാന ആശുപത്രികളെയും ഒപ്റ്റസിലെ നെറ്റ് വർക്ക് തകരാർ ബാധിച്ചിട്ടുണ്ട്. മെൽബൺ മെട്രോ സേവനങ്ങളെയും നെറ്റ് വർക്ക് തടസ്സം ബാധിച്ചു. ഇന്ന് രാവിലെ മെട്രോ സംവിധാനങ്ങൾ തകരാറിലായെന്നും ബാക്ക്-അപ്പ് സിസ്റ്റം ഒപ്‌റ്റസ് മൊബൈൽ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നതിനാൽ ഉപയോഗിക്കാൻ സാധിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി. സർവീസുകൾ പുനരാരംഭിച്ചുവെങ്കിലും യാത്രകകൾക്ക് കാലതാമസമുണ്ടാകുമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മറ്റ് യാത്രാ മാർഗ്ഗങ്ങൾ പരിഗണിക്കണെമന്നും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ മക്വാരി പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് ഒപ്റ്റസ്. സിംഗപ്പൂർ ടെലികമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് ഈ കമ്പനി. ഓസ്ട്രേലിയൻ ജനസംഖ്യയുടെ 40 ശതമാനത്തിന് തുല്യമായ 9.8 ദശലക്ഷം അക്കൗണ്ടുകളാണ് ഉപയോക്താക്കളുടെ പേരിൽ ഒപ്റ്റസിനുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.