ഗള്‍ഫ് പ്രവാസികളുടെ 'പോക്കറ്റടിക്കാന്‍' വിമാനക്കമ്പനികളുടെ കള്ളക്കളിക്ക് ട്രാവല്‍ ഏജന്‍സികള്‍ കൂട്ട്; ക്രിസ്മസ് സീസണില്‍ ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി കൂടി

ഗള്‍ഫ് പ്രവാസികളുടെ 'പോക്കറ്റടിക്കാന്‍' വിമാനക്കമ്പനികളുടെ കള്ളക്കളിക്ക് ട്രാവല്‍ ഏജന്‍സികള്‍ കൂട്ട്;  ക്രിസ്മസ് സീസണില്‍ ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി കൂടി

കൊച്ചി: ക്രിസ്മസ്, ന്യൂ ഇയര്‍ സീസണ്‍ മുന്നില്‍ക്കണ്ട് ട്രാവല്‍ ഏജന്‍സികള്‍ കൂട്ടത്തോടെ വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് ഗള്‍ഫിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്ക് വര്‍ധനവിന് ആക്കം കൂട്ടുന്നു. ക്രിസ്മസിന് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ അഞ്ചിരട്ടിയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.

വിമാന കമ്പനികള്‍ മാസങ്ങള്‍ക്ക് മുന്‍പേ ഏജന്‍സികളുമായി നിരക്കില്‍ ധാരണയുണ്ടാക്കി, ഗ്രൂപ്പ് ടിക്കറ്റിന്റെ മറവില്‍ പകുതിയോളം ടിക്കറ്റുകള്‍ മറിച്ചു നല്‍കും. ഇതോടെ വെബ്‌സൈറ്റുകളില്‍ ടിക്കറ്റുകളുടെ എണ്ണം കുറയുകയും ആവശ്യക്കാര്‍ കൂടുകയും ചെയ്യും.

ശേഷിക്കുന്ന ടിക്കറ്റുകള്‍ക്ക് കമ്പനികള്‍ തോന്നിയ പോലെ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. വിമാനക്കമ്പനികളും ഏജന്‍സികളും തമ്മിലുള്ള കൂട്ടു കച്ചവടം മൂലം നിരക്കിളവ് പ്രതീക്ഷിച്ച് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കില്ല.

പൂഴ്ത്തിവച്ച ടിക്കറ്റുകള്‍ സീസണ്‍ ആരംഭിക്കുമ്പോള്‍ ട്രാവല്‍ ഏജന്‍സികള്‍ പുറത്തെടുക്കും. സൈറ്റുകളിലുള്ളതിനേക്കാള്‍ 1,000 രൂപ വരെ ഏജന്‍സികള്‍ കുറച്ചു നല്‍കുമെങ്കിലും പല മടങ്ങ് ലാഭം ഇവരിലേക്കെത്തും. ഓണം, ബക്രീദ്, ക്രിസ്മസ്, വേനലവധി കാലത്താണ് ഏജന്‍സികളുടെയും വിമാനക്കമ്പനികളുടെയും ഈ പിഴിയല്‍ തന്ത്രം.

സീസണില്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കുകയോ കൂടുതല്‍ സീറ്റുകളുള്ള വലിയ വിമാനങ്ങള്‍ ഉപയോഗിക്കുകയോ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഏജന്‍സികളുടെ ഗ്രൂപ്പ് ബുക്കിങും നിയന്ത്രിക്കണം.

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ആഴ്ചയില്‍ 65,000 സീറ്റാണ് അനുവദിച്ചിട്ടുള്ളത്. സീസണില്‍ ഒരു ലക്ഷത്തോളം യാത്രക്കാരുണ്ടാവും. യുഎഇയിലെ വിമാന കമ്പനികള്‍ക്ക് അധിക സര്‍വീസിന് താല്‍പര്യമുണ്ട്. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കണം.

ആഭ്യന്തര റൂട്ടുകളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ ചാര്‍ട്ടര്‍ സര്‍വീസുകള്‍ നടത്താന്‍ എയര്‍ ലൈനുകള്‍ക്ക് താല്‍പര്യമില്ല. സര്‍വീസുകള്‍ മുടങ്ങുന്നതിന്റെ നഷ്ടം നികത്തുന്ന നിരക്ക് വേണമെന്നാണ് കമ്പനികളുടെ നിലപാട്. ഇത് ചാര്‍ട്ടേഡ് വിമാനങ്ങളിലെ നിരക്കും വര്‍ധിപ്പിക്കും.

ചാര്‍ട്ടര്‍ ചെയ്യുമ്പോള്‍ യാത്രക്കാരുടെ വിവരങ്ങള്‍ നേരത്തെ നല്‍കണം. ടിക്കറ്റ് ക്യാന്‍സലേഷന്‍ അനുവദിക്കില്ല. ഇതെല്ലാം സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാല്‍ പ്രവാസി സംഘടനകള്‍ ഇതിന് മുന്‍കൈയെടുക്കാറില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.