അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന നരാധമനുള്ള ശിക്ഷ ശിശു ദിനത്തില്‍; വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന നരാധമനുള്ള ശിക്ഷ ശിശു ദിനത്തില്‍; വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷാ ഈ മാസം 14 ന് പ്രഖ്യാപിക്കും. പിഞ്ചു കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിന്റെ ശിക്ഷാവിധി വരുന്നത് ശിശു ദിനത്തിലാണെന്ന പ്രത്യേകതയുമുണ്ട്.

ഈ കേസിലെ അന്തിമ വാദം ഇന്ന് പൂര്‍ത്തിയായി. എറണാകുളം പോക്‌സോ കോടതി ജഡ്ജിയായ കെ. സോമനാണ് കേസിലെ വിധി പ്രസ്താവിക്കുക.

കൊലപാതകം, തുടര്‍ച്ചയായി ബലാത്സംഗം ചെയ്യല്‍ അടക്കം 16 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്നും അതിനാല്‍ പ്രതിക്ക് പരമാവധി ശിക്ഷയായ വധ ശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.

പ്രതിയുടെ മാനസിക നില പരിശോധനാ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരും ജയില്‍ അധികൃതരും പ്രൊബേഷണറി ഓഫീസറും കോടതിയില്‍ മുദ്രവെച്ച കവറില്‍ ഇന്നലെ ഹാജരാക്കിയിരുന്നു.

നേരത്തെ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി അസ്ഫാക് ആലത്തിന്റെ മാനസിക നില പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ രേഖകള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കിയത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും ശിക്ഷാ വിധി.

ബിഹാര്‍ സ്വദേശിനിയായ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവും ശിക്ഷാവിധിയില്‍ തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ കോടതിയില്‍ റിപ്പോര്‍ട്ടായി ഹാജരാക്കിയിട്ടുണ്ട്. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.

അഞ്ച് വയസുകാരിക്ക് നേരെയുണ്ടായത് സമാനതകളില്ലാത്ത ക്രൂരതയാണ്. പ്രതിക്ക് യാതൊരു വിധത്തിലുള്ള മാനസിക പ്രശ്‌നങ്ങളും ഇല്ലെന്നും 100 ദിവസം പ്രതിയില്‍ യാതൊരു വിധത്തിലുള്ള മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. അസം സ്വദേശിയായ പ്രതി അസ്ഫാക് ആലം മുന്‍പും പോക്‌സോ കേസില്‍ പ്രതിയായിട്ടുണ്ട്.

ഇന്ന് രാവിലെ പത്തരയോടെ തന്നെ പ്രതി അസ്ഫാകിനെ ജയിലില്‍ നിന്ന് കോടതിയില്‍ എത്തിച്ചു. 1പതിനൊന്നോടെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്നോ കോടതി അസ്ഫാക് ആലത്തിനോട് ചോദിച്ചു.

നീതിയുക്തമായത് ചെയ്യണമെന്നായിരുന്നു അസ്ഫാക് ആലം മറുപടി നല്‍കിയത്. ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതിഭാഗവും കോടതിയില്‍ ആവശ്യപ്പെട്ടു. വധശിക്ഷ നല്‍കരുത്, പ്രായം പരിഗണിക്കണം. മനപരിവര്‍ത്തനത്തിന് അവസരം നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

ജൂലൈ 28 ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് ആലുവ ചൂര്‍ണിക്കരയിലെ വീട്ടില്‍ നിന്ന് കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോയത്. ആലുവ മാര്‍ക്കറ്റില്‍ പെരിയാറിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി.

മൃതദേഹം പുഴയുടെ തീരത്തെ ചതുപ്പില്‍ താഴ്ത്തി. കല്ലുകൊണ്ട് ഇടിച്ചാണ് മുഖം ചെളിയിലേക്ക് താഴ്ത്തിയത്. പിറ്റേന്ന് ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കാണാതായ അന്നു രാത്രിതന്നെ അസ്ഫാക്കിനെ പോലീസ് പിടികൂടിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.