കണ്ണില്ലാത്ത ക്രൂരതയ്ക്ക് ശിക്ഷ മരണം: ആലുവ കേസില്‍ അസ്ഫാക് ആലത്തിന് വധശിക്ഷ; ഒപ്പം അഞ്ച് ജീവപര്യന്തവും

കണ്ണില്ലാത്ത ക്രൂരതയ്ക്ക് ശിക്ഷ മരണം: ആലുവ കേസില്‍ അസ്ഫാക് ആലത്തിന് വധശിക്ഷ; ഒപ്പം അഞ്ച് ജീവപര്യന്തവും

കൊച്ചി: ആലുവ കൊലപാതകക്കേസില്‍ അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച് കോടതി. വധ ശിക്ഷക്കൊപ്പം അഞ്ച് ജീവപര്യന്തവും കോടതി വിധിച്ചു. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമനാണ് വിധി പ്രസ്താവിച്ചത്. പ്രതിയായ അസ്ഫാക് ആലത്തിന് മനസാക്ഷിയില്ലെന്നും വധശിക്ഷയ്ക്ക് അര്‍ഹനാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

ശിശു ദിനത്തിലും പോക്‌സോ നിയമങ്ങള്‍ രാജ്യത്ത് നിലവില്‍ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയും ഇന്നത്തെ വിധിയില്‍ ഉണ്ട്.
അതിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി ആലുവ മാര്‍ക്കറ്റിലെ ആളൊഴിഞ്ഞ കോണില്‍വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 13 വകുപ്പുകളിലാണ് എറണാകുളം പോക്‌സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

കുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു അസ്ഫാക്കും താമസിച്ചിരുന്നത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരത്തിന് പിന്നിലെത്തിച്ച് മദ്യം കുടിപ്പിച്ചായിരുന്നു ക്രൂരമായി ബലാത്സംഗം ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ കുട്ടി ധരിച്ചിരുന്ന ബനിയന്‍ തന്നെ എടുത്ത് കഴുത്ത് ഞെരിച്ച് കൊന്നു. മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി. കുഞ്ഞിനെ ചാക്കില്‍ കെട്ടി കരിയിലകള്‍ക്കുള്ളില്‍ മൂടി. കേരള പൊലീസ് പ്രതിയെ അന്ന് തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

50 ഓളം സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണം. ബലാത്സംഗക്കേസില്‍ പ്രതി മുമ്പും ജയിലില്‍ കിടന്നിട്ടുണ്ട്. ഇതിന്റെയും അടിസ്ഥാനത്തിലാണ് വിധി പറഞ്ഞിരിക്കുന്നത്.

കേസില്‍ പ്രതി അസ്ഫാക് ആലം കുറ്റക്കാരനാണെന്ന് നവംബര്‍ നാലിന് കോടതി കണ്ടെത്തിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെന്ന് വിശ്വസിക്കുന്നതായി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ ജി. മോഹന്‍ രാജ് പറഞ്ഞു. ഇരുപത്തിയേഴുകാരനായ പ്രതിക്ക് സ്വയം തിരുത്താന്‍ അവസരം നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന വാദമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സ്വീകരിച്ചത്.

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 36 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച് 26 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും അടക്കമാണ് വിചാരണ നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.