ആലുവ കേസ്: വധശിക്ഷയില്‍ ഒപ്പുവെച്ച ശേഷം ജഡ്ജി പേന മേശപ്പുറത്ത് കുത്തി ഒടിച്ചു

ആലുവ കേസ്: വധശിക്ഷയില്‍ ഒപ്പുവെച്ച ശേഷം ജഡ്ജി പേന മേശപ്പുറത്ത് കുത്തി ഒടിച്ചു

കൊച്ചി: അസ്ഫാക് ആലത്തിന് തൂക്കുകയര്‍ വിധിച്ച 197 പേജ് വിധിന്യായത്തില്‍ ഒപ്പുവച്ച ജഡ്ജി കെ. സോമന്‍ പേനയുടെ നിബ് മേശപ്പുറത്ത് കുത്തി ഒടിച്ച ശേഷം ജീവനക്കാര്‍ക്ക് കൈമാറി. വധശിക്ഷ വിധിച്ച് ഒപ്പുവെച്ച പേനകള്‍ ന്യായാധിപന്മാര്‍ തുടര്‍ന്ന് ഉപയോഗിക്കാറില്ല. ഇത്തരം പേനകള്‍ കോടതി ജീവനക്കാര്‍ നശിപ്പിച്ച് കളയുകയാണ് പതിവ്.

ഏറെ അര്‍ത്ഥവത്തായ ഈ രീതി ബ്രിട്ടീഷ് ഭരണകാലം മുതല്‍ അനുഷ്ടിച്ച് പോരുന്നതാണ്. പ്രതിക്ക് വധശിക്ഷ വിധിക്കുന്നത് മൂലം ഉണ്ടാകുമെന്ന് കരുതുന്ന കുറ്റബോധത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നതിന് വേണ്ടിയാണ് പേനയുടെ നിബ് ഒടിക്കുന്നതെന്ന് പറയപ്പെടുന്നു.

വധശിക്ഷ വിധിച്ച് കൊണ്ടുള്ള വിധിന്യായത്തില്‍ ഒപ്പുവെയ്ക്കാന്‍ ഉപയോഗിക്കുന്ന പേന തുടര്‍ന്നും ഉപയോഗിക്കുന്നത് വിശുദ്ധമല്ല എന്ന ചിന്തയും ഇതിന് പിന്നിലുണ്ടെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

വിധി പ്രസ്താവത്തിനിടെ ജഡ്ജി കെ. സോമന്‍ സമൂഹത്തിന് സന്ദേശം നല്‍കുന്നതിന് നെല്‍സണ്‍ മണ്ടേലയുടെ വാചകം ഉദ്ധരിച്ചു. കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്നതിലൂടെ സമൂഹത്തിന്റെ സ്വഭാവം തിരിച്ചറിയാന്‍ സാധിക്കുമെന്ന മണ്ടേലയുടെ വാചകമാണ് ജഡ്ജി കെ. സോമന്‍ വിധി ന്യായത്തില്‍ രേഖപ്പെടുത്തിയത്.

ആലുവയില്‍ അതിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി ആലുവ മാര്‍ക്കറ്റിലെ ആളൊഴിഞ്ഞ കോണില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.