ഭിന്നശേഷിക്കാരന്റെ പെന്‍ഷന്‍ തട്ടിപ്പറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തടയിട്ട് ഹൈക്കോടതി

ഭിന്നശേഷിക്കാരന്റെ പെന്‍ഷന്‍ തട്ടിപ്പറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തടയിട്ട് ഹൈക്കോടതി

കൊച്ചി: ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച ആര്‍.എസ് മണിദാസിന് ലഭിച്ച വികലാംഗ പെന്‍ഷന്‍ തിരിച്ചടയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി. ഉത്തരവ് നടപ്പാക്കുന്നത് മൂന്ന് ആഴ്ചത്തേക്കാണ് കോടതി തടഞ്ഞത്. എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും പെന്‍ഷന്‍ തുക തിരിച്ചു പിടിക്കാനുള്ള ഉത്തരവിന് ആധാരമായ രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

കൊല്ലം ജില്ലയിലെ പരവൂര്‍ സ്വദേശിയായ ആര്‍.എസ് മണിദാസന്‍ കഴിഞ്ഞ 12 വര്‍ഷമായി വാങ്ങിയ ക്ഷേമ പെന്‍ഷന്‍ തിരിച്ചടയ്ക്കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. 2010 സെപ്റ്റംബര്‍ മുതല്‍ 2022 ഒക്ടോബര്‍ വരെ വാങ്ങിയ 1.25 ലക്ഷത്തോളം രൂപ തിരിച്ചടക്കാനായിരുന്നു പഞ്ചായത്ത് നോട്ടീസ് നല്‍കിയത്. പെന്‍ഷന്‍ നല്‍കുന്നതിന് നിശ്ചയിച്ചിട്ടുള്ള വരുമാന പരിധിക്ക് പുറത്താണെന്ന കാരണത്താല്‍ മണിദാസിന് പെന്‍ഷന്‍ നല്‍കുന്നത് ബന്ധപ്പെട്ട വകുപ്പ് നിര്‍ത്തിയിരുന്നു. തുടര്‍ന്ന് മണിദാസും അമ്മയും കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച 27 കാരനാണ് മണിദാസ്. 80 ശതമാനത്തിന് മുകളില്‍ ശാരീരിക പരിമിതിയുമുണ്ട്. കലയ്ക്കോട് യുപി സ്‌കൂളില്‍ തയ്യല്‍ അധ്യാപികയായിരുന്ന അമ്മ സുധാമണിയാണ് ഏക ആശ്രയം. 14 വര്‍ഷം മുന്‍പ് ഇവര്‍ വിരമിച്ചു. 2010 മുതലാണ് മണിദാസിന് പെന്‍ഷന്‍ ലഭിച്ച് തുടങ്ങിയത്. അമ്മയുടെ തുച്ഛമായ പെന്‍ഷനൊപ്പം മണിദാസിന്റെ പെന്‍ഷനും കൂട്ടിച്ചേര്‍ത്താണ് മരുന്നും മറ്റു ചികിത്സകളും നടത്തിയിരുന്നത്.

അമ്മയ്ക്ക് പെന്‍ഷന്‍ തുക വര്‍ധിച്ചപ്പോള്‍ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തിന് മുകളിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പെന്‍ഷന്‍ റദ്ദാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.