കേരളത്തില്‍ മഴ വീണ്ടും ശക്തി പ്രാപിക്കുന്നു: രണ്ട് പേരെ കാണാതായി; നവകേരള സദസിന്റെ പരാതി കൗണ്ടര്‍ മാറ്റി

കേരളത്തില്‍ മഴ വീണ്ടും ശക്തി പ്രാപിക്കുന്നു: രണ്ട് പേരെ കാണാതായി; നവകേരള സദസിന്റെ പരാതി കൗണ്ടര്‍ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു. മഴ കെടുതിയില്‍ രണ്ട് പേരെ കാണാതായി. വെള്ളം ഉയര്‍ന്നതിന് പിന്നാലെ നാല് അണക്കെട്ടുകള്‍ തുറന്നു. ഒരു ന്യൂനമര്‍ദ്ദനത്തിന് കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ സാധ്യതയുണ്ടെന്നും മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും റവന്യൂ മന്ത്രി രാജന്‍ അറിയിച്ചു.

അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്നും മഴ നാളെയോടെ കുറഞ്ഞേക്കുമെന്നും മന്ത്രി വ്യക്തമാക്കി. കല്ലാര്‍ അണക്കെട്ട് തുറന്നേക്കുമെന്നും കക്കി, പമ്പ, അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്നും അദേഹം പറഞ്ഞു. അവധി ഉണ്ടെങ്കില്‍ തലേ ദിവസം തന്നെ പ്രഖ്യാപിക്കുന്നതിനായി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപിരം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

അതേസമയം നവകേരള സദസ് നടക്കുന്ന കല്‍പറ്റയിലും ബത്തേരിയിലും മഴ ഭീഷണി ഉയരുന്നുണ്ട്. കല്പറ്റയില്‍ നവകേരള സദസിന്റെ പരാതി കൗണ്ടര്‍ മാറ്റി. ജിനചന്ദ്ര സ്മാരക ജൂബിലി ഹാളിലാണ് പുതിയ കൗണ്ടര്‍. നേരത്തെ തയ്യാറാക്കിയ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനം ചെളിക്കുളമായി. ഇവിടെയുണ്ടായിരുന്ന പത്ത് പരാതി കൗണ്ടറുകള്‍ സമീപത്തുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മന്ത്രിമാരുടെ ബസിന് സ്ഥലത്തേക്ക് എത്താന്‍ പ്രത്യേക പാതയുടെ നിര്‍മ്മാണം നടക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം സദസ് നടക്കാനിരിക്കുന്ന ബത്തേരിയില്‍ കനത്ത മഴ തുടരുകയാണ്.

പല ഇടങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര തീരദേശ മേഖലയില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ കനക്കുന്നതിന് കാരണമായത് കേരളത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണെന്നും മത്സ്യ ബന്ധനത്തിന് വിലക്കില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.

തെക്കന്‍ കേരളത്തില്‍ വ്യാപകമായ മഴയെ തുടര്‍ന്ന് വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കനത്ത മഴയില്‍ പത്തനംതിട്ടയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. പത്തനംതിട്ട ജില്ലയില്‍ ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.