ഗാസയില്‍ വെടിനിര്‍ത്തല്‍ ഇന്ന് നടപ്പായില്ല; നാളെ ബന്ദികളുടെ കൈമാറ്റത്തോടൊപ്പം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് സൂചന

ഗാസയില്‍ വെടിനിര്‍ത്തല്‍ ഇന്ന് നടപ്പായില്ല; നാളെ ബന്ദികളുടെ കൈമാറ്റത്തോടൊപ്പം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് സൂചന

ടെല്‍ അവീവ്: ഗാസയില്‍ താല്‍കാലിക വെടിനിര്‍ത്തല്‍ ഇന്ന് നടപ്പായില്ല. ബന്ദികളുടെ കൈമാറ്റം നാളെയോടെയെന്ന് ഇസ്രയേല്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. വെടിനിര്‍ത്തല്‍ ഇന്ന് രാവിലെ 10 ന് നടപ്പാകുമെന്നായിരുന്നു ഇന്നലെ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ രാത്രി വൈകി ഇന്ന് വെടിനിര്‍ത്തല്‍ ആരംഭിക്കുന്ന സമയത്തിന്റെ കാര്യത്തില്‍ അവ്യക്തത ഉടലെടുക്കുകയായിരുന്നു. നാളെ ബന്ദികളുടെ കൈമാറ്റത്തോടൊപ്പം നാല് ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന പാലസ്തീനികളെ കൈമാറുന്നത് വെള്ളിയാഴ്ച ആയിരിക്കുമെന്ന് ഇസ്രയേല്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ ചെയര്‍മാന്‍ സാച്ചി ഹനെഗ്ബി ഇന്നലെ രാത്രിയാണ് വ്യക്തമാക്കിയത്. 48 ദിവസങ്ങള്‍ നീണ്ട ആക്രമണത്തിനൊടുവില്‍ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് ഇസ്രായേലും ഹമാസും വെടിനിര്‍ത്തലിന് തയ്യാറായത്.

ഇസ്രായേല്‍ ജയിലുകളില്‍ നിന്ന് 150 പാലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി ഗാസയില്‍ ബന്ദികളാക്കിയ 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിനുള്ള കരാറിനാണ് കഴിഞ്ഞ ദിവസം ഇരുപക്ഷവും അംഗീകാരം നല്‍കിയത്. ഇതിന് പകരമായി ഇസ്രയേല്‍ നാല് ദിവസത്തേക്ക് ഗാസയില്‍ താല്‍കാലികമായി വെടിനിര്‍ത്തും എന്നുമായിരുന്നു വ്യവസ്ഥ.

ഹമാസ് വിട്ടയയ്ക്കുന്ന ഓരോ 10 തടവുകാര്‍ക്കും ഒരു അധിക ദിവസത്തെ ഇടവേള നല്‍കാന്‍ ഇസ്രയേല്‍ തയാറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ കാലയളവില്‍ ഇന്ധനങ്ങള്‍ ഉള്‍പ്പടെ 300 ഓളം ട്രക്കുകള്‍ ഗാസ മുനമ്പിലേക്ക് അനുവദിക്കും.

പ്രതിദിനം ആറ് മണിക്കൂര്‍ ഡ്രോണുകള്‍ പറത്തില്ലെന്നും കരാറിന്റെ ഭാഗമായി ഇസ്രയേല്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കരാര്‍ ലംഘിച്ചാല്‍ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അതിനിടെ ഇസ്രയേല്‍ സൈന്യവും ഹമാസും തമ്മില്‍ ഗാസ നഗരത്തിലും മുനമ്പിന്റെ വടക്ക് ഭാഗത്തുള്ള മറ്റ് പ്രദേശങ്ങളിലും ശക്തമായ പോരാട്ടം തുടരുകയാണ്. വെസ്റ്റ് ബാങ്കിന്റെ വിവിധ പ്രദേശങ്ങളിലും ഇന്നലെ രാത്രി ശക്തമായ വ്യോമാക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.