കാക്കനാട്: ഡോ. ജെയിംസ് പുലിയുറുമ്പിൽ രചിച്ച "Syro-Malabar Hierarchy: Historical Developments (1923-2023)" എന്ന ഗ്രന്ഥം സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പ്രകാശനം ചെയ്തു. സീറോമലബാർ ഹയരാർക്കിയുടെ സ്ഥാപനം മുതൽ ഇന്നുവരെയുള്ള (1923-2023) നൂറു വർഷത്തെ പ്രധാനസംഭവങ്ങളും നേട്ടങ്ങളും വളർച്ചയുമാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ആധികാരിക രേഖകളെ ആസ്പദമാക്കിയുള്ള ഒരു ചരിത്ര പഠന ഗ്രന്ഥമാണിത്. രചയിതാവിന്റെ 25-ാമത്തെ പുസ്തകമാണിതെന്ന സവിശേഷതയുമുണ്ട്.
സഭാചരിത്രത്തിൽ അഗാധമായ പാണ്ഡിത്യമുള്ള ജെയിംസ് അച്ചന്റെ പുസ്തകങ്ങൾ ചരിത്രവിദ്യാർത്ഥികൾക്ക് മികച്ച പഠനസഹായിയാണെന്ന് കർദിനാൾ പുസ്തകപ്രകാശന വേളയിൽ പറഞ്ഞു. ചരിത്രം തമസ്‌കരിക്കപ്പെടുകയും അപനിർമ്മിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ വസ്തുതകളും സത്യവും തിരിച്ചറിയാൻ ഈ പുസ്തകം സഹായകരമാകുമെന്നും ചരിത്രഗ്രന്ഥങ്ങൾ രചിക്കുന്നതിലൂടെ ബഹു. ജെയിംസ് അച്ചൻ സഭയുടെ വളർച്ചയിൽ അതുല്യമായ സഭാവനയാണ് നൽകുന്നതെന്നും മേജർ ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു. പാലാ രൂപതാ മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവ് ആദ്യപ്രതി ഏറ്റുവാങ്ങിയ ചടങ്ങിൽ ചിങ്ങവനം ക്നാനായ സുറിയാനി സഭാധ്യക്ഷൻ കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപോലിത്ത, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ തുടങ്ങി മറ്റ് വിശിഷ്ടാതിഥികളും സന്നിഹിതരായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26