കുസാറ്റിലേത് ഫ്രീക്ക് ആക്സിഡന്റ്; വളന്റിയര്‍ ആയത് വിദ്യാര്‍ത്ഥികള്‍ തന്നെയെന്ന് എഡിജിപി

കുസാറ്റിലേത് ഫ്രീക്ക് ആക്സിഡന്റ്; വളന്റിയര്‍ ആയത് വിദ്യാര്‍ത്ഥികള്‍ തന്നെയെന്ന് എഡിജിപി

കൊച്ചി: കുസാറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടം ഫ്രീക്ക് ആക്സിഡന്റാണെന്ന് എഡിജിപി എം.ആര്‍ അജിത്കുമാര്‍. മഴ പെയ്തപ്പോള്‍ ഉണ്ടായ തള്ളിക്കയറ്റമാണ് അപകടത്തിലേക്ക് നയിച്ചതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ ലഭിച്ച പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അദേഹത്തിന്റെ പ്രതികരണം. വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ച വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു വളന്റിയര്‍മാര്‍.

ഗാനമേളയിലേക്ക് പ്രവേശനം നിയന്ത്രിച്ച് അടച്ച ഗേറ്റിലേക്ക് മഴ പെയ്തപ്പോള്‍ ആളുകള്‍ തള്ളിക്കയറി. പുറകില്‍ നിന്നുള്ള തള്ളില്‍ മുന്നിലുണ്ടായിരുന്നവര്‍ പടികളിലേക്ക് വീണപ്പോള്‍ ഇവരെ ചവിട്ടി പിന്നിലുണ്ടായവരും വീഴുകയായിരുന്നുവെന്ന് എഡിജിപി വ്യക്തമാക്കി. മുന്നില്‍ ആളുകള്‍ വീണ് കിടക്കുന്നത് മറ്റുള്ളവര്‍ അറിഞ്ഞതുമില്ല.

'ഫ്രീക്ക് ആക്സിഡന്റാണിത്. ഇങ്ങനെയൊന്ന് ഇവിടെ സംഭവിക്കേണ്ടതായിരുന്നില്ല. പ്രവേശനം നിയന്ത്രിക്കാന്‍ ഗേറ്റ് അടച്ചിരുന്നു. ഇതാണ് പ്രശ്നമായത്. 1000 മുതല്‍ 1500 പേരെ വരെ ഉള്‍ക്കൊള്ളാനാവുന്ന ഓഡിറ്റോറിയമാണ്. എന്നാല്‍ ഇതിന് അകത്ത് മുഴുവനായും ആളുകള്‍ ഉണ്ടായിരുന്നില്ല. പരിപാടി നടക്കുന്ന വിവരം പൊലീസിനെ അറിയിച്ചിരുന്നില്ല,' എഡിജിപി കൂട്ടിച്ചേര്‍ത്തു.

അതേസമയം സംഭവം നടക്കുമ്പോള്‍ പൊലീസുകാര്‍ സ്ഥലത്ത് ഉണ്ടായിരുന്നു എന്നും എഡിജിപി വ്യക്തമാക്കി. കുസാറ്റിലെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ എല്ലാ വര്‍ഷവും ആര്‍ട്സ് ഫെസ്റ്റിന്റെ ഭാഗമായി ഗാനമേള നടത്താറുണ്ട്. കോവിഡ് കാരണം കഴിഞ്ഞ മൂന്ന് വര്‍ഷമായി പരിപാടി നടത്തിയിരുന്നില്ല എന്നാണ് കുസാറ്റ് വിസി പറഞ്ഞത്. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി നടത്തിയ പരിപാടിയായിരുന്നു.

ഇതിലേക്ക് വരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ പോലുള്ള ടീ ഷര്‍ട്ട് നല്‍കിയിരുന്നു എന്നാണ് വിവരം. ഇത് ധരിച്ച് വരുന്നവര്‍ക്ക് മാത്രമായിരുന്നു പരിപാടിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. ഗാനമേള ആരംഭിക്കുന്നതിന് മുന്‍പ് ഓരോ ബാച്ച് വിദ്യാര്‍ത്ഥികളെയായി ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം കാത്ത് നിന്ന വിദ്യാര്‍ത്ഥികള്‍ തിക്കിത്തിരക്കുകയായിരുന്നു.

ഇതോടെ ഇവര്‍ക്ക് മുന്നില്‍ പടികളില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ മറിഞ്ഞുവീഴുകയും ഇവര്‍ക്ക് മുകളിലേക്ക് പിന്നിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളും വീഴുകയായിരുന്നു. മൂന്ന് വിദ്യാര്‍ത്ഥികള്‍ അടക്കം നാല് പേരാണ് അപകടത്തില്‍ മരിച്ചത്. 64 പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.