പെർത്ത്: പെർത്തിലെ സെന്റ് ജോസഫ് സീറോ മലബാർ ദൈവാലയത്തിൽ ഇടവക ദിനത്തോടനുബന്ധിച്ച് മാതൃവേദി അംഗങ്ങൾ അവതരിപ്പിച്ച സ്കിറ്റ് ശ്രദ്ധേയമായി. അബോർഷനെതിരെ പോരാടുക എന്ന സന്ദേശത്തെ മുൻനിർത്തിയായിരുന്നു സ്കിറ്റ്. 28 മാതൃവേദി അംഗങ്ങളാണ് സ്കിറ്റിന്റെ പിന്നിൽ പ്രവർത്തിച്ചത്.
മാതൃവേദി അംഗമായ ടെസ്സി മൈക്കിളാണ് തിരക്കഥയും സംവിധാനവും ഒരുക്കിയത്. ഗർഭച്ഛിദ്രം പാപമാണെന്നും ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യ ജീവനെ വിലമതിക്കുണമെന്നുമുള്ള മഹത്തായ സന്ദേശം സ്കിറ്റ് ആസ്വാദകർക്ക് നൽകി.
ശനിയാഴ്ചയാണ് പെർത്തിലെ സെന്റ് ജോസഫ് സീറോ മലബാർ ദൈവാലയത്തിൽ ഇടവക ദിനം ആഘോഷിച്ചത്. രാവിലെ ഒമ്പത് മണിക്ക് വിശുദ്ധ കുർബാനയോടെയാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്. പ്രാർത്ഥനക്കും സ്വാഗത ഗാനത്തിനുശേഷം ബൈബിൾ ക്വിസ് മത്സരം സഘടിപ്പിച്ചു. ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. വിവിധ ഭക്തസഘടനകളുടെയും ഇടവക വാർഡുകളുടെയും നേതൃത്വത്തിൽ മാർഗം കളി, ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോങ് തുടങ്ങിയ കലാപരിപാടികൾ നടന്നു. നിരവധി വിശ്വാസികൾ കലാപരിപാടികളിൽ പങ്കെടുത്തു.
ഓസ്ട്രേലിയയിൽ സ്ഥിര താമസമാക്കിയവരും സന്ദർശന വിസയിലെത്തിയതുമായ മുതിർന്ന മാതാപിതാക്കളെയും നാലും അതിൽ കൂടുതൽ കുട്ടികളുള്ള മാതാപിതാക്കളെയും പരിപാടിക്കിടെ ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് മതബോധന വിദ്യാർത്ഥികൾക്കായുള്ള സമ്മാന വിതരണവും നടന്നു. ഇടവക ദിന ആഘോഷങ്ങൾക്ക് വികാരി ഫാദർ അനീഷ് ജെയിംസ് വി.സിയും സഹ വികാരി ഫാദർ ബിബിൻ വേലമ്പറമ്പിലും കൈക്കാരന്മാരും നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.