പ്രിന്‍സിപ്പലിന്റെ കത്ത് രജിസ്ട്രാര്‍ പൊലീസിന് കൈമാറിയില്ല; കുസാറ്റിലെ അപകടത്തില്‍ വന്‍ സുരക്ഷാ വീഴ്ച

പ്രിന്‍സിപ്പലിന്റെ കത്ത് രജിസ്ട്രാര്‍ പൊലീസിന് കൈമാറിയില്ല; കുസാറ്റിലെ അപകടത്തില്‍ വന്‍ സുരക്ഷാ വീഴ്ച

കൊച്ചി: കുസാറ്റിലെ അപകടത്തില്‍ വന്‍ സുരക്ഷാ വീഴ്ച ഉണ്ടായതായി വ്യക്തമാകുന്നു. സ്‌കൂള്‍ ഓഫ് എഞ്ചിനിയറിങിലെ പ്രിന്‍സിപ്പല്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ക്ക് നല്‍കിയ കത്ത് പൊലീസിന് കൈമാറാതിരുന്നതാണ് വലിയ അപകടത്തിന് ഇടയാക്കിയത്. പൊലീസിന്റെ അസാന്നിധ്യത്തില്‍ കുട്ടികള്‍ തന്നെയാണ് സുരക്ഷ ഒരുക്കിയത്.

പരിപാടിയ്ക്ക് പൊലീസ് സേന അടക്കമുള്ളവരുടെ സുരക്ഷ ഒരുക്കണമെന്നായിരുന്നു നവംബര്‍ 21 ന് നല്‍കിയ കത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത് രജിസ്ട്രാര്‍ പൊലീസിന് കൈമാറിയില്ലെന്നാണ് ആരോപണം. പരിപാടി നടക്കുന്ന തിയതിയും സമയവും ഉള്‍പ്പെടെ കത്തിലുണ്ടായിരുന്നു. ഇത് പൊലീസിന് കൈമാറാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കുസാറ്റ് എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആന്‍സണ്‍ പി. ആന്റണി ആരോപിച്ചു.

പരിപാടിയെക്കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നെന്നാണ് കുസാറ്റ് വൈസ് ചാന്‍സലര്‍ പി.ജി ശങ്കരന്റെ പ്രതികരണം. സുരക്ഷാ വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും പരിപാടി നടക്കുന്ന സ്ഥലത്ത് ആറ് പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്നും അദേഹം വ്യക്തമാക്കിയിരുന്നു. കുസാറ്റിലെ സ്‌കൂള്‍ ഒഫ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക് ഫെസ്റ്റിന്റെ ഭാഗമായി ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള നടക്കാനിരിക്കെയായിരുന്നു അപകടം.

അപകടത്തില്‍ കുസാറ്റിലെ മൂന്ന് വിദ്യാര്‍ത്ഥികളടക്കം നാല് പേരാണ് മരിച്ചത്. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫ്, വടക്കന്‍ പറവൂര്‍ സ്വദേശി ആന്‍ റിഫ്റ്റ, കോഴിക്കോട് താമരശേരി സ്വദേശി സാറ തോമസ് എന്നിവരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.