മുന്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി സിറിയക് ജോണ്‍ (90) അന്തരിച്ചു

മുന്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി സിറിയക് ജോണ്‍ (90) അന്തരിച്ചു

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സംസ്ഥാന കൃഷി വകുപ്പ് മുന്‍മന്ത്രിയുമായ പി. സിറിയക് ജോണ്‍ (90) അന്തരിച്ചു. കോഴിക്കോടായിരുന്നു അന്ത്യം.

തുടര്‍ച്ചയായി നാല് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം 1982-83 കാലഘട്ടത്തില്‍ കരുണാകരന്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭയില്‍ കൃഷിവകുപ്പ് മന്തിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കല്‍പ്പറ്റ മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി നാലാം സംസ്ഥാന നിയമസഭയില്‍ ഇടംപിടിച്ച അദ്ദേഹം തുടര്‍ന്ന് തിരുവമ്പാടി മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി മൂന്നു തവണ വിജയിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി.

കെപിസിസിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളിലും സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഏറെനാള്‍ സഹകരണ മേഖല സംഘടനാരംഗത്ത് സജീവമായിരുന്ന സിറിയക് ജോണ്‍, കേരള സംസ്ഥാന മാര്‍ക്കറ്റിങ് സഹകരണ ഫെഡറേഷന്‍, താമരശേരി സര്‍വീസ് സഹകരണ ബാങ്ക് എന്നിവയുടെ പ്രസിഡന്റ് ആയും, ഇന്ത്യന്‍ റബര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു.

മുന്‍ മന്ത്രി പി. സിറിയക് ജോണിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുള്ള നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

മികച്ച നിയമസഭാ സാമാജികനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിറിയക് ജോണിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

കുടിയേറ്റ മലയോര മേഖലയില്‍ കോണ്‍ഗ്രസിന് വേരോട്ടമുണ്ടാക്കിയ ജനകീയ നേതാവായിരുന്നു പി.സിറിയക് ജോണ്‍ എന്നും മലയോര മേഖലയുടെ വികസനത്തിനായി ജീവിതം നീക്കിവച്ച നേതാവായിരുന്നു അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.