ടെല്‍ അവീവ്: ഇസ്രയേലും ഹമാസും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ തുടരുന്നതിനിടെ ജറുസലേമില്‍ ഭീകരാക്രമണം. വെടിവയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ റബ്ബിയാണ്. രണ്ട് അക്രമികളെ വെടിവച്ച് വീഴ്ത്തിയതായി ഇസ്രയേല്‍ പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ട് പാലസ്തീന്‍ സ്വദേശികള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ബസ് കാത്ത് നില്‍ക്കുന്ന ഇസ്രയേലികള്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ക്കുന്നതായി കാണാം. ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി അക്രമികളെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും ഇവര്‍ ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് വെടിവച്ച് വീഴ്ത്തിയത്. അക്രമികള്‍ രണ്ടു പേരും കൊല്ലപ്പെട്ടു.
മുറാദ് നാംര്‍ (38), ഇബ്രാഹിം നാംര്‍ (30) എന്നിവരാണ് അക്രമികളെന്ന് ഇസ്രയേല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ് അറിയിച്ചു. ഇരുവരും ഹമാസുമായി ബന്ധമുള്ളവരും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് നേരത്തെയും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്.
അക്രമികളുടെ പക്കല്‍ എം-16 തോക്കും കൈത്തോക്കും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇവരുടെ വാഹനത്തില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഒരു ദിവസം കൂടി നീട്ടാന്‍ ഇസ്രയേലും ഹമാസും സമ്മതിച്ചതിന് പിന്നാലെയാണ് വ്യാഴാഴ്ച രാവിലെ ഭീകരാക്രമണം നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.