വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗാസയില്‍ ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍

വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗാസയില്‍ ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍

ഗാസ സിറ്റി: ഏഴ് ദിവസം നീണ്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ സേനയും ഹമാസിന്റെ അല്‍ ഖസം ബ്രിഗേഡും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. വിദേശ വാര്‍ത്താ ഏജന്‍സികളാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടത്.

തങ്ങളുടെ മേഖലയിലേക്ക് കടന്നു കയറി ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇസ്രയേല്‍ കുറ്റപ്പെടുത്തി. ഗാസയില്‍ നിന്നും റോക്കറ്റുകള്‍ പതിച്ചെന്നും ഇസ്രയേല്‍ സൈനിക വക്താവ് അറിയിച്ചു. ഇതിന് പിന്നാലെയാണ് ആക്രമണം പുനരാരംഭിച്ചത്.

48 ദിവസങ്ങള്‍ നീണ്ട ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഏഴ് ദിവസത്തെ വെടിനിര്‍ത്തലുണ്ടായത്. നാല് ദിവസത്തേക്ക് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പിന്നീട് ഏഴ് ദിവസത്തേയ്ക്ക് നീട്ടുകയായിരുന്നു. ഖത്തറില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമായിട്ടായിരുന്നു വെടിനിര്‍ത്തല്‍ മൂന്ന് തവണയായി നീട്ടിയത്.

എന്നാല്‍ വെടി നിര്‍ത്തല്‍ നീട്ടുന്നതിനെ കുറിച്ച് ഇന്ന് അമേരിക്ക, ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതികരണം ഒന്നും പുറത്തു വന്നിട്ടില്ല. ഹമാസിനെ തുരത്താനുള്ള യുദ്ധത്തിന് തങ്ങള്‍ എതിരല്ലെന്ന് ഇസ്രായേലിനെ അറിയിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍, സിവിലിയന്‍ സുരക്ഷ ഉറപ്പാക്കാന്‍ കരുതല്‍ വേണമെന്ന് വ്യക്തമാക്കി. ഗാസയില്‍ ആക്രമണം പുനരാരംഭിച്ചാല്‍ ചെങ്കടലില്‍ ഇസ്രയേല്‍ കപ്പലുകള്‍ക്കെതിരായ നീക്കം തുടരുമെന്ന് യെമനിലെ ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൂടുതല്‍ ബന്ദികളെയും തടവുകാരെയും കൈമാറി നിലവിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഏതാനും ദിവസങ്ങള്‍ കൂടി നീട്ടുന്നതിനുള്ള കൂടിയാലോചനകള്‍ പുരോഗമിക്കുന്നതായി മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും നേരത്തേ അറിയിച്ചിരുന്നു. അമേരിക്കന്‍, ഇസ്രയേല്‍ നേതൃത്വവുമായി ഇന്നലെയും പലവട്ടം ചര്‍ച്ച നടന്നു.

ബന്ദികളുടെ കൈമാറ്റം നേരത്തെയുള്ള വ്യവസ്ഥ പ്രകാരം തുടരുകയാണെങ്കില്‍ വെടിനിര്‍ത്തല്‍ നീട്ടുന്നതിന് തങ്ങളും അനുകൂലമാണെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. എന്നാല്‍ ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇസ്രയേലും ഇസ്രയേലാണ് കരാര്‍ ലംഘനം നടത്തിയതെന്ന് ഹമാസും കുറ്റപ്പെടുത്തി.

അതിനിടെ ഗാസയില്‍ വേണ്ടത് സമ്പൂര്‍ണ വെടിനിര്‍ത്തലാണെന്നും കൂടുതല്‍ സഹായമെത്തിക്കേണ്ടത് അനിവാര്യമാണെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യു.എന്‍ രക്ഷാസമിതി യോഗത്തില്‍ പറഞ്ഞു.

വ്യാഴാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ 110 പേരെ മോചിപ്പിച്ചിരുന്നു. ഇസ്രയേല്‍ 240 പേരെയാണ് ഇക്കാലയളവില്‍ മോചിപ്പിച്ചത്. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 1200 പേരാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഗാസയില്‍ 14,800 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പാലസ്തീന്‍ അധികൃതര്‍ പറയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.