മുരളീധരന്‍ തെലങ്കാനയിലേക്ക്; ചെന്നിത്തലയ്ക്ക് ഛത്തീസ്ഗഡ്: നാല് സംസ്ഥാനങ്ങളിലും പ്രത്യേക നിരീക്ഷകരെ നിയോഗിച്ച് കോണ്‍ഗ്രസ്

മുരളീധരന്‍ തെലങ്കാനയിലേക്ക്; ചെന്നിത്തലയ്ക്ക് ഛത്തീസ്ഗഡ്: നാല് സംസ്ഥാനങ്ങളിലും  പ്രത്യേക നിരീക്ഷകരെ നിയോഗിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ നടക്കുന്ന നാല് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക നിരീക്ഷകരെ നിയോഗിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. വോട്ടെണ്ണലിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് ഇവര്‍ ചുക്കാന്‍ പിടിക്കും.

രാജസ്ഥാന്‍, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെണ്ണല്‍. നാലിടങ്ങളിലും കോണ്‍ഗ്രസ് നിര്‍ണായക ശക്തിയാണ്. ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണകക്ഷിയായിരുന്നു. തെലങ്കാനയിലും മധ്യപ്രദേശിലും പ്രതിപക്ഷത്തും.

കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് കെ. മുരളീധരന്‍ തെലങ്കാനയിലേക്കുള്ള സംഘത്തിലുണ്ട്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, ബംഗാളില്‍ നിന്നുള്ള ദീപദാസ് മുന്‍ഷി, കര്‍ണാടകയില്‍ നിന്നുള്ള ഡോ. അജോയ് കുമാര്‍, കെജെ ജോര്‍ജ് എന്നിവരാണ് തെലങ്കാനയിലേക്കുള്ള മറ്റു നിരീക്ഷകര്‍.

ഛത്തീസ്ഗഡിലേക്ക് മൂന്നംഗ സംഘത്തെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നിയോഗിച്ചിരിക്കുന്നത്. ഈ സംഘത്തിലാണ് രമേശ് ചെന്നിത്തലയുള്ളത്. ഡല്‍ഹിയില്‍ നിന്നുള്ള അജയ് മാക്കന്‍, ഉത്തരാഖണ്ഡില്‍ നിന്നുള്ള പ്രിതം സിങ് എന്നിവരും അദേഹത്തോടൊപ്പമുണ്ടാകുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രസ്താവനയില്‍ അറിയിച്ചു.

രാജസ്ഥാനിലേക്ക് നാല് നിരീക്ഷകരെയാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ നിയോഗിച്ചിരിക്കുന്നത്. ഹരിയാനയില്‍ നിന്നുള്ള ഭൂപീന്ദര്‍ സിങ് ഹൂഡ, ഗുജറാത്തില്‍ നിന്നുള്ള മധുസൂധനന്‍ മിസ്ത്രി, ഡല്‍ഹിയില്‍ നിന്നുള്ള മുകുള്‍ വാസ്നിക്, ബിഹാറില്‍ നിന്നുള്ള ഷക്കീല്‍ അഹമ്മദ് ഖാന്‍ എന്നിവരാണ് രാജസ്ഥാനിലെത്തുന്നത്.

മധ്യപ്രദേശിലേക്ക് അധീര്‍ രഞ്ജന്‍ ചൗധരി, പൃഥ്വിരാജ് ചവാന്‍, രാജീവ് ശുക്ല, ചന്ദ്രകാന്ത് ഹന്ദോര്‍ എന്നിവരാണുള്ളത്. എല്ലാ സംസ്ഥാനങ്ങളിലുമുള്ള ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന ചുമതലയുള്ള നേതൃത്വങ്ങളും നിരീക്ഷകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കെ.സി വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.