തീയേറ്ററുകൾ തുറന്നു; ആവേശത്തോടെ ആരാധകർ

തീയേറ്ററുകൾ തുറന്നു; ആവേശത്തോടെ ആരാധകർ

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് പത്ത് മാസമായി അടച്ചിട്ട സംസ്ഥാനത്തെ തിയറ്ററുകള്‍ പ്രവർത്തനം ആരംഭിച്ചു. വിജയ്‌യുടെ ചിത്രം മാസ്റ്ററാണ് നീണ്ട കാത്തിരിപ്പുകൾക്കുശേഷം തീയറ്ററിൽ എത്തുന്നത്. രാവിലെ 9 മണിക്കാണ് സംസ്ഥാനത്ത് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളില്‍ അഞ്ഞൂറെണ്ണം മാത്രമാണ് ഇന്ന് തുറന്നത്. ഒരു ദിവസം മൂന്ന് ഷോ ആണ് ഉണ്ടാവുക. സീറ്റുകള്‍ തമ്മില്‍ കൃത്യമായ അകലം ഉറപ്പാക്കി ക്രമീകരിച്ചിട്ടുണ്ട്. തിയറ്ററുകള്‍ അണുവിമുക്തമാക്കിയും മറ്റ് കോവിഡ് പ്രൊട്ടോക്കോളുകള്‍ പാലിച്ചുമാണ് പ്രദര്‍ശനം. എല്ലായിടത്തും അന്‍പത് ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശനം.

എല്ലാ തിയറ്ററുകളിലും ഹൗസ് ഫുള്‍ ആയിട്ടാണ് മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കുന്നത്. വരും ദിവസങ്ങളിലേക്കുളള ബുക്കിംഗുകളും 80 ശതമാനത്തോളം പൂര്‍ണമായിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം പ്രൊജക്ടറിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് കോഴിക്കോടുള്ള ഏറ്റവും വലിയ തീയേറ്ററായ അപ്സരയില്‍ പ്രദര്‍ശനം മുടങ്ങിയത് ആരാധകരുടെ പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് കോഴിക്കോട് ടൗൺ പോലീസ് സ്ഥലത്ത് എത്തി ആരാധകരെ പിരിച്ചു വിടുകയായിരുന്നു.

ജനുവരി 22 മുതല്‍ മലയാള സിനിമകളുടെ പ്രദര്‍ശനം ആരംഭിക്കും. ജയസൂര്യ നായകനായ വെള്ളം ആണ് ആദ്യം പ്രദര്‍ശനത്തിന് എത്തുന്ന മലയാള ചിത്രം. വിനോദ നികുതി ഒഴിവാക്കും എന്നതടക്കം മുഖ്യമന്ത്രി പിണറായി വിജയനുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പിന് ശേഷമാണ് തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.