പതിറ്റാണ്ടുകളായി ക്യൂബയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ അമേരിക്കന്‍ മുന്‍ നയതന്ത്രജ്ഞന്‍ അറസ്റ്റില്‍

പതിറ്റാണ്ടുകളായി ക്യൂബയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ അമേരിക്കന്‍ മുന്‍ നയതന്ത്രജ്ഞന്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: ക്യൂബന്‍ സര്‍ക്കാരിന്റെ ഏജന്റായി രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന മുന്‍ അമേരിക്കന്‍ നയതന്ത്രജ്ഞന്‍ അറസ്റ്റില്‍. ബൊളീവിയയിലെ അംബാസഡറായി സേവനമനുഷ്ഠിച്ച 73 കാരനായ മാനുവല്‍ റോച്ചയെയാണ് എഫ്ബിഐ ഇന്റലിജന്‍സ് കസ്റ്റഡിയിലെടുത്തതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തയിട്ടില്ല. 73 കാരനായ മാനുവല്‍ റോച്ചയെ കഴിഞ്ഞ ദിവസം മിയാമിയില്‍വച്ചാണ് അറസ്റ്റ് ചെയ്തത്.

ക്യൂബന്‍ സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി റോച്ച പ്രവര്‍ത്തിക്കുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ദീര്‍ഘകാലത്തെ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. റോച്ച തിങ്കളാഴ്ച മിയാമിയിലെ ഫെഡറല്‍ ജഡ്ജിക്ക് മുന്നില്‍ ഹാജരായി.

മാനുവല്‍ റോച്ചയ്ക്കെതിരെ അനധികൃത വിദേശ ഏജന്റായി പ്രവര്‍ത്തിക്കുക, വഞ്ചനാപരമായ പാസ്പോര്‍ട്ട് ഉപയോഗിക്കല്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം ഫെഡറല്‍ കുറ്റകൃത്യങ്ങള്‍ ചെയ്തതിന് കേസെടുത്തതായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.

'40 വര്‍ഷത്തിലേറെയായി മാനുവല്‍ റോച്ച ക്യൂബന്‍ ഗവണ്‍മെന്റിന്റെ ഒരു ഏജന്റായി പ്രവര്‍ത്തിക്കുകയും, അമേരിക്കന്‍ സര്‍ക്കാരിനുള്ളില്‍ സ്ഥാനങ്ങള്‍ നേടിയെടുക്കുകയും ചെയ്തു. ആ സ്ഥാനമാനങ്ങളിലൂടെ യു.എസ് സര്‍ക്കാരിന്റെ പല സുപ്രധാന രേഖകളിലേക്കും വിവരങ്ങളിലേക്കും അദ്ദേഹത്തിന് പ്രവേശനം അനുവദിച്ചു. യു.എസ് വിദേശനയത്തെ ബാധിക്കുന്ന പല വിവരങ്ങളും അദ്ദേഹത്തിന് ലഭ്യമായിരുന്നു' - അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

റോച്ചയുടെ 25 വര്‍ഷത്തെ നയതന്ത്ര ജീവിതം ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ ഭരണകൂടങ്ങള്‍ക്ക് കീഴിലായിരുന്നു. ശീതയുദ്ധകാലത്ത് ലാറ്റിനമേരിക്കയിലായിരുന്നു സേവനംചെയ്തത്. ഫിദല്‍ കാസ്‌ട്രോയുടെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുമായി യുഎസിന് പൂര്‍ണ നയതന്ത്രബന്ധം ഇല്ലാതിരുന്ന കാലത്തും ക്യൂബയിലെ യുഎസ് പ്രതിനിധിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഇറ്റലി, ഹോണ്ടുറാസ്, മെക്‌സിക്കോ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവിടങ്ങളിലും റോച്ച സേവനമനുഷ്ഠിച്ചു.

1994 മുതല്‍ 1995 വരെ വൈറ്റ് ഹൗസിന്റെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം 2006 മുതല്‍ 2012 വരെ യുഎസ് മിലിട്ടറിയുടെ സതേണ്‍ കമാന്‍ഡിന്റെ കമാന്‍ഡറുടെ ഉപദേശകനായി പ്രവര്‍ത്തിച്ചു.

ബൊളീവിയയിലെ അംബാസഡര്‍ എന്ന നിലയില്‍, 2002 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റോച്ച നേരിട്ട് ഇടപെട്ടിരുന്നു. 1981 മുതല്‍ ക്യൂബന്‍ ഉദ്യോഗസ്ഥരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ റോച്ച ക്യൂബയിലേക്ക് നിരവധി യാത്രകള്‍ നടത്തിയെന്ന് കോടതി രേഖകളില്‍ ആരോപിക്കുന്നു.

കൊളംബിയയില്‍ ജനിച്ച റോച്ച, ന്യൂയോര്‍ക്ക് നഗരത്തിലാണ് വളര്‍ന്നത്, 1981-ല്‍ വിദേശ സേവനത്തില്‍ ചേരുന്നതിന് മുമ്പ് യേല്‍, ഹാര്‍വാര്‍ഡ്, ജോര്‍ജ്ടൗണ്‍ എന്നിവിടങ്ങളില്‍ നിന്ന് ബിരുദങ്ങള്‍ കരസ്ഥമാക്കി. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് വിരമിച്ചതിന് ശേഷം റോച്ച ബിസിനസ് രംഗത്താണ് പ്രവര്‍ത്തിച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.