പ്യോങ്യാങ്: കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ഉത്തര കൊറിയയിലെ സ്ത്രീകളോട് അവശ്യപ്പെട്ട് ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തര കൊറിയയിലെ ജനസംഖ്യാ നിരക്ക് താഴുന്നതിനിടെയാണ് കിമ്മിന്റെ പുതിയ ആഹ്വാനമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സംസാരിക്കുന്നതിനിടെ തൂവാല കൊണ്ട് കണ്ണ് തുടയ്ക്കുന്ന കിമ്മിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
രാജ്യത്തിന് കരുത്തേകാന്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനാണ് തലസ്ഥാനമായ പ്യോങ്യാങില്‍ അമ്മമാര്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ കിം ആവശ്യപ്പെട്ടത്. ജനന നിരക്ക് വര്‍ധിപ്പിക്കുക, കുട്ടികള്‍ക്ക് നല്ല സംരക്ഷണവും വിദ്യാഭ്യാസവും നല്‍കുക എന്നിവയെല്ലാം നമ്മുടെ കുടുംബ കാര്യങ്ങളാണ്. നമുക്കിത് അമ്മമാരോടൊപ്പം ഒരുമിച്ച് ചെയ്യണമെന്ന് കിം പറഞ്ഞു. രാജ്യത്തെ ശക്തിപ്പെടുത്തുന്നതില്‍ അമ്മമാര്‍ വഹിച്ച പങ്കിന് അദേഹം നന്ദി പറഞ്ഞു.
ജനസംഖ്യാ വളര്‍ച്ച മന്ദഗതിയിലാക്കാന്‍ 1970-80 കാലയളവില്‍ ഉത്തര കൊറിയ ജനന നിയന്ത്രണ പദ്ധതികള്‍ നടപ്പാക്കിയിരുന്നു. 1990 കളുടെ മധ്യത്തില്‍ ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ക്ഷാമത്തിന് ശേഷം ഉത്തര കൊറിയയില്‍ ജനസംഖ്യ കുറയാന്‍ തുടങ്ങി.
യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ 2023 ലെ കണക്കനുസരിച്ച് ഉത്തര കൊറിയയിലെ സ്ത്രീകളുടെ പ്രത്യുല്‍പാദന നിരക്ക് 1.8 ആയിരുന്നു. കഴിഞ്ഞ ദശകങ്ങള്‍ അപേക്ഷിച്ച് ഗണ്യമായ കുറവാണ് പ്രത്യുല്‍പാദന നിരക്കില്‍ ഉണ്ടായിരിക്കുന്നത്.
ജനസംഖ്യയിലെ കുറവ് പരിഹരിക്കാന്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ ഭവനം, സബ്‌സിഡികള്‍, സൗജന്യ ഭക്ഷണം, മരുന്ന്, വീട്ടുപകരണങ്ങള്‍, കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എന്നിങ്ങനെയാണ് നല്‍കുന്നത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും റഷ്യയിലെ സ്ത്രീകളോട് സമാനമായ അഭ്യര്‍ത്ഥന കഴിഞ്ഞ ആഴ്ച നടത്തിയിരുന്നു. സ്ത്രീകള്‍ കുറഞ്ഞത് എട്ട് കുഞ്ഞുങ്ങള്‍ക്കെങ്കിലും ജന്മം നല്‍കണമെന്നായിരുന്നു പുടിന്റെ അഭ്യര്‍ത്ഥന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.