കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി മെല്‍ബണ്‍ രൂപതയുടെ മുന്‍ മെത്രാനായ മാര്‍ ബോസ്‌കോ പുത്തൂറിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12 ന് വത്തിക്കാനിലും ഉച്ചകഴിഞ്ഞ് 4.30 ന് സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസിലും എറണാകുളം -അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തും നടന്നിരുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ ബിഷപ് ബോസ്‌കോ പുത്തൂര്‍ സീറോ മലബാര്‍ സഭയുടെ ആദ്യത്തെ കുരിയാ മെത്രാനും ഓസ്‌ട്രേലിയായിലെ മെല്‍ബണ്‍ രൂപതയുടെ പ്രഥമ മെത്രാനുമാണ്. 2023 മെയ് 31നാണ് അദേഹം മെല്‍ബണ്‍ രൂപതയുടെ ഭരണത്തില്‍ നിന്ന് വിരമിച്ചത്.
എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലേക്ക് സഹായിക്കുന്ന ഡയലോഗ് കമ്മിറ്റിയുടെ കണ്‍വീനറായി അടുത്തയിടെ സീറോ മലബാര്‍ മെത്രാന്‍ സിനഡ് മാര്‍ ബോസ്‌കോ പുത്തൂറിനെ നിയോഗിച്ചിരുന്നു.
1946-ല്‍ ജനിച്ച അദേഹം 1971-ല്‍ റോമില്‍ നിന്നുമാണ് പൗരോഹിത്യം സ്വീകരിച്ചത്. തൃശൂര്‍ മൈനര്‍ സെമിനാരി റെക്ടര്‍, മേജര്‍ സെമിനാരി അധ്യാപകന്‍, മംഗലപ്പുഴ മേജര്‍ സെമിനാരി റെക്ടര്‍, കത്തീഡ്രല്‍ വികാരി, വികാരി ജനറാള്‍, സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു.
2010-ല്‍ സീറോ മലബാര്‍ സഭയുടെ പ്രഥമ കൂരിയ മെത്രാനായി അഭിഷിക്തനായി. സീറോ മലബാര്‍ മെത്രാന്‍ സിനഡിന്റെ സെക്രട്ടറിയായിരുന്ന ബിഷപ് ബോസ്‌കോ പുത്തൂര്‍ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവ് കാലം ചെയ്തതിനെത്തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപായി സ്ഥാനമേറ്റെടുത്തത് വരെ സഭയുടെ അഡ്മിനിസ്‌ട്രേറ്ററായും പ്രവര്‍ത്തിച്ചിരുന്നു.
2022 ജൂലൈ 30 ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് പിതാവിനെ തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്താ എന്ന ഉത്തരവാദിത്വത്തിന് പുറമേയാണ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ അധിക ചുമതല ഏല്‍പ്പിച്ചത്.
2022 നവംബര്‍ മാസത്തില്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്‍ച്ച് ബിഷപ് താഴത്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്ന് പ്രധാനപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കുക എന്നത് പ്രായോഗികമായി ദുഷ്‌കരമായ സാഹചര്യത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് മാര്‍പാപ്പയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിച്ചാണ് മാര്‍പാപ്പ പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.