രേവന്ത് റെഡ്ഡി സര്‍ക്കാരിന് വിവാദത്തുടക്കം; അക്ബറുദീന്‍ ഒവൈസിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാതെ ബിജെപി എംഎല്‍എമാര്‍

രേവന്ത് റെഡ്ഡി സര്‍ക്കാരിന് വിവാദത്തുടക്കം; അക്ബറുദീന്‍ ഒവൈസിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാതെ ബിജെപി എംഎല്‍എമാര്‍

ഹൈദരാബാദ്: മൂന്നാമത് തെലങ്കാന സംസ്ഥാന നിയമസഭയുടെ ആദ്യ സമ്മേളനത്തിന് വിവാദത്തുടക്കം. എഐഎംഐഎം എംഎല്‍എ അക്ബറുദീന്‍ ഒവൈസിയെ പ്രോടേം സ്പീക്കറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു. ഇതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.

ഇന്നലെയാണ് അക്ബറുദീന്‍ ഒവൈസിയെ തെലങ്കാന നിയമസഭയുടെ പ്രോടേം സ്പീക്കറായി ഗവര്‍ണര്‍ നിയമിച്ചത്. ഇന്ന് രാവിലെ 11 ഓടെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയുണ്ടാകുമെന്നും നിയമസഭ സെക്രട്ടേറിയറ്റ് അറിയിച്ചിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം നിയമസഭ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് വരെ നിയമസഭ സമ്മേളനം നിയന്ത്രിക്കുന്നതിനാണ് പ്രോ-ടേം സ്പീക്കറെ (താല്‍ക്കാലിക റോള്‍) നിയമിക്കുന്നത്.

അക്ബറുദീന്‍ ഒവൈസിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന നിലപാടിലാണ് ബിജെപി എംഎല്‍എമാര്‍. ബിജെപി എംഎല്‍എ രാജാ സിങാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. പിന്നാലെ മറ്റ് എംഎല്‍എമാരും ഒവൈസിയേയും സത്യപ്രതിജ്ഞ ചടങ്ങും ബഹിഷ്‌കരിക്കുകയായിരുന്നു. നേരത്തെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കേസുകള്‍ നേരിടുന്ന എംഎല്‍എയാണ് രാജാ സിങ്. ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയ വ്യക്തിയാണ് അക്ബറുദീന്‍ ഒവൈസിയെന്നും അങ്ങനെയൊരാള്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാനാകില്ലെന്നുമാണ് രാജാ സിങ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്. സ്ഥിരം സ്പീക്കര്‍ വന്നശേഷം സത്യപ്രതിജ്ഞ ചെയ്യാമെന്ന നിലപാടിലാണ് ബിജെപി.

ചന്ദ്രയാന്‍ ഗുട്ടയില്‍ നിന്ന് ആറാം തവണയും ജയിച്ച് എത്തിയ അക്ബറുദീന്‍ ഒവൈസി സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായതിനാലാണ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ അദേഹത്തെ പ്രോടേം സ്പീക്കറായി നിര്‍ദേശിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

അതേസമയം തെലങ്കാനയുടെ പുതിയ സ്പീക്കറായി ഗദ്ദം പ്രസാദിനെയാണ് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്. ഇത് രണ്ടാംതവണയാണ് എഐഎംഐഎം അംഗം തെലങ്കാനയില്‍ പ്രോടേം സ്പീക്കറാകുന്നത്. 2018 ല്‍ ചാര്‍മിനാര്‍ എംഎല്‍എയായിരുന്ന മുംതാസ് അഹമ്മദ് ഖാന്‍ പ്രോടേം സ്പീക്കറായിരുന്നു. അന്നും രാജാ സിങ് എഐഎംഐഎം പ്രോടേം സ്പീക്കറെയും സത്യപ്രതിജ്ഞ ചടങ്ങും ബഹിഷ്‌കരിച്ചിരുന്നു.

കോണ്‍ഗ്രസും രേവന്ത് റെഡ്ഡിയും എഐഎംഐഎം നേതാക്കളെയും ന്യൂനപക്ഷങ്ങളെയും പ്രീതിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും പ്രോടേം സ്പീക്കറാക്കാവുന്ന നിരവധി മുതിര്‍ന്ന നേതാക്കള്‍ സഭയിലുണ്ടെന്നും ബിജെപി എംഎല്‍എ ആരോപിച്ചിരുന്നു. എഐഎംഐഎം അധ്യക്ഷന്‍ അസറുദീന്‍ ഒവൈസിയുടെ സഹോദരനും പാര്‍ട്ടിയിലെ രണ്ടാമനുമാണ് അക്ബറുദീന്‍ ഒവൈസി.

2023 തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ ഒന്‍പത് സീറ്റില്‍ മത്സരിച്ച എഐഎംഐഎം ഏഴിടത്താണ് ജയിച്ചത്. മലക്‌പേട്ട് മണ്ഡലത്തില്‍ നിന്നും അഹമ്മദ് ബിന്‍ അബ്ദുല്ല, ബഹാദൂര്‍പുരയില്‍ നിന്ന് മുഹമ്മദ് മുബീന്‍, കര്‍വാനില്‍ നിന്ന് കൗസര്‍ മൊഹിയുദീന്‍, നാമ്പള്ളിയില്‍ നിന്ന് ബലാല മുഹമ്മദ് മജീദ് ഹുസൈന്‍, ചാര്‍മിനാറില്‍ നിന്ന് മിര്‍ സുല്‍ഫെക്കര്‍ അലി, യാകുത്പുരയില്‍ നിന്ന് ജാഫര്‍ ഹുസൈന്‍ എന്നിവരാണ് അക്ബറുദീന്‍ ഒവൈസിക്ക് പുറമെ തെലങ്കാന നിയമസഭയിലേക്ക് എത്തിയ എഐഎംഐഎം നേതാക്കള്‍.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനത്തിന്റെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി എ. രേവന്ത് റെഡ്ഡി ഡിസംബര്‍ ഏഴിനാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഭട്ടി വിക്രമാര്‍ക മല്ലു ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. 119 ല്‍ 64 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് തെലങ്കാനയില്‍ അധികാരത്തിലെത്തിയത്. സംസ്ഥാന രൂപീകരണത്തിന് ശേഷം രണ്ട് തവണ അധികാരത്തിലിരുന്ന ബിആര്‍എസ് 38 സീറ്റുകള്‍ നേടി പ്രതിപക്ഷത്തിരുന്നപ്പോള്‍ എഐഎംഐഎം ഏഴ് സീറ്റുകളും ബിജെപി എട്ട് സീറ്റുകളും നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.