തിരുവല്ല: മൂന്നംഗ മലയാളി കുടുംബം കര്‍ണാടക കുടകിലെ ഹോം സ്റ്റേയില്‍ ജീവനൊടുക്കി. തിരുവല്ല മാര്‍ത്തോമ്മ കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ കല്ലൂപ്പാറ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളജിന് സമീപം ജിബി ഏബ്രഹാം (38), മകള്‍ ജെയിന്‍ മരിയ ജേക്കബ് (11), ജിബിയെ രണ്ടാമത് വിവാഹം കഴിച്ച കൊട്ടാരക്കര സ്വദേശി വിനോദ് ബാബുസേനന്‍ (43) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ആറിന് കുടകിലെ മടിക്കേരിക്ക് സമീപം കഗോഗ്ഡ്ലു ലോസോ അരിഗോ റിസോര്‍ട്ടിലെ കോട്ടജില്‍ താമസത്തിനെത്തിയതായിരുന്നു ഇവര്‍. ഇന്നലെ രാവിലെ 11 ആയിട്ടും ഇവരെ പുറത്തു കാണാതെ വന്നപ്പോള്‍ ജീവനക്കാര്‍ ജനലിലൂടെ നോക്കിയപ്പോഴാണ് ദമ്പതികള്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. മകളെ കൊലപ്പെടുത്തിയതിന് ശേഷം ഇരുവരും ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സാമ്പത്തിക ബാധ്യത കാരണം കടുംകൈ ചെയ്യുവെന്നുളള കുറിപ്പും പൊലീസ് മുറിയില്‍ നിന്ന് കണ്ടെടുത്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ഒരു എസ്യുവിയിലാണ് മൂന്നംഗ കുടുംബം കോട്ടേജില്‍ എത്തിയതെന്ന് മാനേജര്‍ ആനന്ദ് പറഞ്ഞു. വളരെ സന്തോഷഭരിതരായിരുന്നു ഇവര്‍. മുറിയിലെത്തി അല്‍പം വിശ്രമിച്ച ശേഷം റിസോര്‍ട്ടും പരിസരവും ചുറ്റിക്കറങ്ങി കണ്ടു. പുറത്തുളള കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി മടങ്ങിയെത്തി. അത്താഴം കഴിച്ച് റിസോര്‍ട്ട് ജീവനക്കാരുമായി കുശലം പറഞ്ഞാണ് കോട്ടജിലേക്ക് പോയത്. ശനിയാഴ്ച രാവിലെ പത്തിന് തന്നെ ചെക്കൗട്ട് ചെയ്യുമെന്നും ഇവരോട് പറഞ്ഞിരുന്നു. രാവിലെ പതിനൊന്നു കഴിഞ്ഞിട്ടും കുടുംബത്തെ കാണാതെ വന്നപ്പോള്‍ ജീവനക്കാര്‍ കോട്ടേജിന്റെ വാതിലില്‍ മുട്ടി വിളിച്ചു. തുറക്കാതെ വന്നതിനെ തുടര്‍ന്ന് സംശയം തോന്നി ജനാല വഴി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.
കഴിഞ്ഞ മെയിലാണ് വിനോദും ജിബിയും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിനോദിന്റെ ആദ്യ വിവാഹത്തിലെ ഭാര്യയും മകളും കാനഡയിലാണുള്ളത്. വിമുക്തഭടനായ വിനോദ് വിവാഹ ബന്ധം വേര്‍പെടുത്തിയ ആളാണ്. തുടര്‍ന്ന് തിരുവല്ലയില്‍ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി നടത്തുകയാണ്. കാനഡ, യു.കെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യുകയാണ്.
തിരുവല്ല മാര്‍ത്തോമ്മ കോളജില്‍ അസിസ്റ്റന്‍ പ്രഫസറായ ജിബി കാനഡയിലേക്ക് പോകാന്‍ വിസ എടുക്കുന്നതിന് വേണ്ടി മൂന്നു വര്‍ഷം മുന്‍പാണ് വിനോദിനെ സമീപിച്ചത്. കാനഡ വിസ ലഭിക്കാതെ വന്നപ്പോള്‍ അയര്‍ലന്‍ഡിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെ ഇരുവരും പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കഴിഞ്ഞ മെയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. കല്ലൂപ്പാറയിലെ അറിയപ്പെടുന്ന കുടുംബാംഗമാണ് ജിബി. വിവാഹ ശേഷം ഏഴാം ക്ലാസില്‍ പഠിക്കുന്ന മകളെയും കൂട്ടി തിരുവല്ലയില്‍ അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു ജിബിയും വിനോദും. ഇതിനിടെ വിനോദിന്റെ കണ്‍സള്‍ട്ടന്‍സിയില്‍ ജിബിയും പാര്‍ട്ണറായി.
ജിബിയുടെ മാതാപിതാക്കള്‍ ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. ജിബി ജനിച്ചതും വളര്‍ന്നതും പഠിച്ചതുമൊക്കെ അവിടെയാണ്. എം.ടെക് പാസായ ജിബി മാര്‍ത്തോമ്മ കോളജില്‍ സെല്‍ഫ് ഫിനാന്‍സിങ് കോഴ്സായ എം.എസ്.സി ബയോടെക്നോളജിയില്‍ അസിസ്റ്റന്റ് പ്രഫസറായി എട്ടു വര്‍ഷമായി ജോലി നോക്കി വരികയാണ്. ഒരാഴ്ച മുന്‍പാണ് ഡല്‍ഹിയിലേക്കെന്ന് പറഞ്ഞ് അവധിയെടുത്ത് പോയത്. പിന്നീട് സഹപ്രവര്‍ത്തകര്‍ അറിയുന്നത് മരണ വാര്‍ത്തയാണ്. അതിന്റെ ഞെട്ടലിലാണ് സഹ അധ്യാപകരും വിദ്യാര്‍ഥികളും.
ജിബിയുടെ ആദ്യ വിവാഹം പരാജയമായിരുന്നു. കാസര്‍കോഡ് സ്വദേശിയുമായി നടന്ന വിവാഹം വളരെ ചുരുങ്ങിയ നാളുകള്‍ മാത്രമാണ് നീണ്ടു നിന്നത്. വിവാഹ ശേഷം ബംഗളൂരുവില്‍ സ്ഥിരതാമസമാക്കി. പല വിധ ലഹരികള്‍ക്ക് അടിമപ്പെട്ട ഭര്‍ത്താവിന്റെ പീഡനം സഹിക്ക വയ്യാതെ വിവാഹ മോചനം നേടി നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് ജിബി അടുത്ത സുഹൃത്തുക്കളായ അധ്യാപകരോട് പറഞ്ഞിരുന്നു.
ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം വാങ്ങിയിട്ടും വിസ നല്‍കാന്‍ കഴിയാതെ വന്നതാണ് വിനോദിന്റെ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമെന്ന് പറയുന്നു. കമ്പനിയുടെ പാര്‍ട്ണര്‍ ആയിരുന്ന ജിബിക്കും ഇതൊരു ഷോക്കായി. വിസ ഇടനിലക്കാര്‍ ഇവരെ ചതിച്ചതാണെന്നാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.