മുന്‍ മന്ത്രി കെ.പി വിശ്വനാഥന്‍ അന്തരിച്ചു

 മുന്‍ മന്ത്രി കെ.പി വിശ്വനാഥന്‍ അന്തരിച്ചു

തൃശൂര്‍: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി വിശ്വനാഥന്‍ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. കെ. കരുണാകരന്‍, ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വനം വകുപ്പ് മന്ത്രിയായിരുന്നു. ആറ് തവണ നിയമസഭാംഗവുമായിരുന്നു. കുന്നംകുളം, കൊടകര മണ്ഡലങ്ങളില്‍ നിന്നായിരുന്നു നിയമസഭാംഗമായത്.

ഭാര്യ: ലളിത, മക്കള്‍: സഞ്ജിത്ത്, രഞ്ജിത്ത്

1970 ല്‍ കുന്നംകുളത്തു നിന്നാണ് അദേഹം നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കുന്നത്. അന്ന് പരാജയപ്പെട്ടുവെങ്കിലും 77 ലും 80 ലും വിജയിച്ചു. 82 ല്‍ തോറ്റു. 87 ല്‍ കൊടകരയിലേക്ക് മാറി. 2001 വരെ തുടര്‍ച്ചയായി നാല് തവണ ജയിച്ചു. 91 ല്‍ കരുണാകരന്‍ മന്ത്രിസഭയിലും 2004 ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും വനം മന്ത്രിയായി. എന്നാല്‍ രണ്ട് തവണയും കാലാവധി പൂര്‍ത്തിയാക്കാതെ അദേഹം രാജിവച്ചു.

തൃശൂര്‍ കേരളവര്‍മ കോളജിലും എറണാകുളം ലോ കോളജിലുമായി പഠനം. 67ല്‍ യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായി. 70ല്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായും 72ല്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 72 മുതല്‍ കെ. പിസിസി അംഗമാണ്.

വിശ്വനാഥന്റെ രാഷ്ട്രീയം തുടങ്ങുന്നത് 67ല്‍ വിദ്യാര്‍ഥി രാഷട്രീയത്തിലൂടെയാണ്. ആരോടും കാര്യം തുറന്നുപറയാന്‍ മടിയില്ലാത്തതു കൊണ്ടുതന്നെ സ്വന്തം ഗ്രൂപ്പിലുള്ളവര്‍ പോലും പലപ്പോഴും വിശ്വനാഥനില്‍ നിന്ന് അകന്നു നിന്നിരുന്നു. അകന്നവരെ വീണ്ടും കൂടെ നിര്‍ത്താനും വിശ്വനാഥന് മടി ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും മറ്റും വിശ്വനാഥന്‍ എന്നും അത്താണിയായിരുന്നു. ശക്തമായ ഗ്രൂപ്പുണ്ടെങ്കിലും പൊതുകാര്യങ്ങളില്‍ കാണിച്ച രാഷ്ട്രീയമില്ലായ്മയാണ് വിശ്വനാഥനെ പ്രതിപക്ഷത്തിന് പോലും പ്രിയപ്പെട്ടവനാക്കിയത്.

മരണത്തിനും കല്യാണത്തിനും മണ്ഡലം മുഴുവന്‍ ഓടി നടക്കുന്ന രീതി വിശ്വനാഥന് ഉണ്ടായിരുന്നില്ല. തന്റെ സാന്നിധ്യം അത്യാവശ്യമെന്നു തോന്നുന്ന സ്ഥലത്തു മാത്രമേ വിശ്വനാഥന്‍ ഉണ്ടാകാറുള്ളൂ. ഏതു നട്ടപ്പാതിരയ്ക്കും പൊലീസ് സ്റ്റേഷനിലും മറ്റും പോയി ജനതാല്‍പര്യം സംരക്ഷിക്കാന്‍ കാണിച്ച മിടുക്കാണ് പലപ്പോഴും വിശ്വനാഥനെ ശ്രദ്ധേയനാക്കിയത്. ഐനസ് ആന്റണി വധക്കേസിലും മറ്റും വിശ്വനാഥന് എതിരെ സിപിഎം ആരോപണം അഴിച്ചുവിട്ടെങ്കിലും അത് പരിഗണിക്കാതെ പോയത് സ്വന്തം മണ്ഡലത്തില്‍ രാഷ്ട്രീയത്തിന് അതീതമായി സൃഷ്ടിച്ച ബന്ധം ഒന്നുകൊണ്ടു മാത്രമാണ്.

സ്വന്തം ഗ്രൂപ്പില്‍പോലും ശത്രുക്കളെ ഉണ്ടാക്കിയത് വിശ്വനാഥന്റെ ശക്തമായ നിലപാടുകളാണ്. വ്യക്തിപരമായി എന്ത് അടുപ്പമുണ്ടായാലും കെ. കരുണാകരനുമായി ഗ്രൂപ്പുതലത്തില്‍ അകന്നു തന്നെ നില്‍ക്കണമെന്നായിരുന്നു കെ.പി വിശ്വനാഥന്റെ നിലപാട്. തൃശൂരില്‍ ഇത്തരമൊരു നിലപാടുമായി മൂന്നര പതിറ്റാണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക എളുപ്പമല്ല. കൂടെ നിന്നവര്‍ ലീഡറെ തള്ളിപ്പറഞ്ഞപ്പോള്‍ അവരെ കൂട്ടുപിടിക്കുന്നതിനും വിശ്വനാഥന്‍ എതിരായിരുന്നു. മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണിയെ പരസ്യമായി വിമര്‍ശിക്കാന്‍പോലും വിശ്വനാഥന് കഴിഞ്ഞിട്ടുണ്ട്. അതിന് ഗ്രൂപ്പ് തടസമായിട്ടുമില്ല.

വനം മന്ത്രിയായിരിക്കെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളിലും വന.സംരക്ഷണത്തിലും കൈവരിച്ച പ്രകടനത്തിന് ആന്റി നാര്‍ക്കോട്ടിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ അവാര്‍ഡ് നേടി. മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് (മാതൃക സമാജിക്) ലഭിച്ചിട്ടുണ്ട്.

കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം, തൃശൂര്‍ ഡി.സി.സി സെക്രട്ടറി, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗം, ഖാദി ബോര്‍ഡ് അംഗം, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം, തൃശൂര്‍ ജില്ല സഹകരണ ബാങ്ക് പ്രസിഡന്റ, കേരള സ്റ്റേറ്റ് കോ-ഓപറേറ്റീവ് യൂണിയന്‍ മാനേജിങ് കമ്മിറ്റി അംഗം, സംസ്ഥാന സഹകരണ ബാങ്ക് ചെയര്‍മാന്‍, ഡയറക്ടര്‍ എന്നിങ്ങനെയും അദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.