എസ്.എഫ്.ഐയെ വെല്ലുവിളിച്ച് ഗവര്‍ണര്‍: മൂന്ന് ദിവസം കോഴിക്കോട് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍; സുരക്ഷ ഒരുക്കി പൊലീസ്

 എസ്.എഫ്.ഐയെ വെല്ലുവിളിച്ച് ഗവര്‍ണര്‍: മൂന്ന് ദിവസം കോഴിക്കോട് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍; സുരക്ഷ ഒരുക്കി പൊലീസ്

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വൈകീട്ട് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എത്തും. കാമ്പസിലെ വി.വി.ഐ.പി ഗസ്റ്റ് ഹൗസിലാണ് ഗവര്‍ണറുടെ താമസം. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് കൊണ്ടോട്ടി പൊലീസ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

കാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്.എഫ്.ഐയുടെ വെല്ലുവിളി നിലിനില്‍ക്കേയാണ് ഗവര്‍ണര്‍ കാമ്പസിനകത്ത് താമസിക്കുന്നത്. കൊണ്ടോട്ടി ഡി.വൈ.എസ്.പിക്കാണ് സുരക്ഷാ ചുമതല. വൈകിട്ട് 6.30 ന് കരിപ്പൂരില്‍ വിമാനം ഇറങ്ങുന്ന ഗവര്‍ണര്‍ റോഡ് മാര്‍ഗം യൂണിവേഴ്‌സിറ്റി കാമ്പസിലെത്തും. ഞായറാഴ്ച രാവിലെ സാദിഖ് അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടേക്ക് തിരിക്കും. 18 ന് സര്‍വകലാശാല സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയാണ് ഗവര്‍ണറുടെ ഔദ്യോഗിക പരിപാടി.

മൂന്നുദിവസം ഗവര്‍ണര്‍ കാമ്പസില്‍ തങ്ങും. ഇതിനിടെ, കാമ്പസുകളില്‍ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ പോസ്റ്റര്‍ പതിച്ച് തുടങ്ങി. ശാഖയില്‍ പഠിച്ചത് ശാഖയില്‍ മതി സര്‍വകലാശാലയില്‍ വേണ്ട, ഞങ്ങള്‍ക്ക് ചാന്‍സലറെയാണ് ആവശ്യം സവര്‍ക്കറെ അല്ല, ചാന്‍സലര്‍ ആരാ രാജാവോ?, ആര്‍.എസ്.എസിന്‍ നേതാവോ? എന്നിങ്ങനെയാണ് എസ്.എഫ്.ഐയുടെ പോസ്റ്ററിലെ വാക്യങ്ങള്‍.

സമരം തുടരുമെന്നാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ വ്യക്തമാക്കിയത്. കേരളത്തിലെ ഒരു കാമ്പസിലും ഗവര്‍ണര്‍ കയറില്ലെന്നും വന്നാല്‍ അദേഹത്തെ തടയുമെന്നും എസ്.എഫ്.ഐ വ്യക്തമാക്കിയിരുന്നു. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണെന്നും സമരമാകെ മോശമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും എസ്.എഫ്.ഐ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.