കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി കോഴിക്കോട് സ്വദേശിയില്‍ നിന്നും പണം തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി കൗശല്‍ ഷാ തിഹാര്‍ ജയിലിലെന്ന് കേരളാ പൊലീസിന് വിവരം ലഭിച്ചു. ഡല്‍ഹി സൈബര്‍ പൊലീസാണ് ഷായെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്ത സിദ്ധേഷ് ആനന്ദ്, അമരിഷ് അശോക് പാട്ടീല്‍ എന്നിവരില്‍ നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ഡല്‍ഹി പൊലീസുമായി ബന്ധപ്പെട്ട് കേരള പൊലീസ് വിവരം ഉറപ്പ് വരുത്തി. കോഴിക്കോട്ടെ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനുള്ള നടപടിയിലാണ് ഇപ്പോള്‍ കേരള പൊലീസ്. സിമ്മുകള്‍ മാറി മാറി ഉപയോഗിക്കുന്ന ഷാ ഫോണ്‍ ഡിവൈസുകളും മാറ്റിക്കൊണ്ടേയിരുന്നു. ഏറ്റവും ഒടുവില്‍ ബിഹാര്‍ അതിര്‍ത്തിയില്‍ ഇയാളുടെ ലൊക്കേഷന്‍ കാണിച്ചിരുന്നെങ്കിലും പിന്നീട് അതും നിശ്ചലമാകുകയായിരുന്നു.
നേപ്പാളിലേക്ക് കടന്നിട്ടുണ്ടാവാം എന്ന സംശയത്തിലായിരുന്നു കേരള പൊലീസ്. ഗുജറാത്തിലെ അഹമ്മദാബാദ് ഉസ്മാന്‍പുര സ്വദേശി കൗശല്‍ ഷാ (42)യുടെ വിവരങ്ങള്‍ തേടി രണ്ട് തവണയായി രണ്ടാഴ്ചക്കാലമാണ് കോഴിക്കോട് നിന്നുള്ള സൈബര്‍ സംഘം ഗുജറാത്തില്‍ തങ്ങിയത്. പതാന്‍ പൊലീസ് സ്റ്റേഷനില്‍ കൗശലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഷായ്‌ക്കെതിരെ ഒന്നിലേറെ കേസുകള്‍ ഗുജറാത്തില്‍ തന്നെയുണ്ട്.
കേസില്‍ ആദ്യം അറസ്റ്റിലായ ഷെയ്ക്ക് മുര്‍തുസമിയയെ പോലെ നിരവധി കൂട്ടാളികള്‍ കൗശല്‍ ഷായ്ക്കുവേണ്ടി നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കലാണ് കൂട്ടാളികളുടെ പ്രധാന ജോലി. പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂക്കോ ബാങ്ക്, ഉജ്ജീവന്‍ ബാങ്ക് എന്നിവിടങ്ങളിലാണ് ഈ സംഘം നിലവില്‍ അക്കൗണ്ടുകള്‍ ആരംഭിച്ചത്. തട്ടിപ്പിലൂടെ വന്നുചേരുന്ന പണം പല അക്കൗണ്ടുകള്‍ വഴി ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. ഒടുവില്‍ വന്നു ചേരുന്ന ആള്‍ പണം പിന്‍വലിച്ച് കൗശല്‍ ഷായ്ക്ക് പണമായി നല്‍കും. അതിന്റെ കമ്മിഷനും ഷാ നല്‍കും.
കോഴിക്കോട് സ്വദേശിയില്‍ നിന്നും തട്ടിയെടുത്ത പണം എത്തിയത് ഗോവയിലെ ട്രേഡിങ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് നേരത്തെ വ്യക്തമായിരുന്നു. തട്ടിപ്പിന് ഉപയോഗിച്ച വാട്സ്ആപ് നമ്പരും ഗോവയില്‍ പണം നിക്ഷേപിക്കാന്‍ ഉപയോഗിച്ച അക്കൗണ്ടും അഹമ്മദാബാദ് സ്വദേശിയായ മുര്‍തുസമിയായുടേത് ആയിരുന്നു. എഐ ഡീപ് ഫേക്ക് സാങ്കേതിക വിദ്യയിലൂടെ വീഡിയോ കോളില്‍ രൂപവും ശബ്ദവും വ്യാജമായി സൃഷ്ടിച്ചാണ് കോഴിക്കോട് സ്വദേശിയായ പി.എസ് രാധാകൃഷ്ണനില്‍ നിന്നും 40,000 രൂപ തട്ടിയെടുത്തത്.
അഹമ്മദാബാദ് സ്വദേശിയുടെ ജിയോ പേമെന്റ് അക്കൗണ്ടിലേക്ക് എത്തിയ തുക നാല് തവണയായി മഹാരാഷ്ട്ര ആസ്ഥാനമായ രത്‌നാകര്‍ ബാങ്കിന്റെ ഗോവയിലെ ശാഖയില്‍ നിക്ഷേപിച്ചു. ഗോവയില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡിങ് കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്.
കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.