സംസ്ഥാന സെക്രട്ടറിയടക്കം കരുതല്‍ തടങ്കലില്‍; കരിങ്കൊടി ബലൂണില്‍ കെട്ടി പറത്തി യൂത്ത് കോണ്‍ഗ്രസ്

സംസ്ഥാന സെക്രട്ടറിയടക്കം കരുതല്‍ തടങ്കലില്‍; കരിങ്കൊടി ബലൂണില്‍ കെട്ടി പറത്തി യൂത്ത് കോണ്‍ഗ്രസ്

പത്തനംതിട്ട: മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ തുടര്‍ച്ചയായി മര്‍ദനമുണ്ടായ പശ്ചാത്തലത്തില്‍ വ്യത്യസ്ഥ പ്രതിഷേധം നടത്തിയിരിക്കുകയാണ് പത്തനംതിട്ട യൂത്ത് കോണ്‍ഗ്രസ്. കറുത്ത ഹൈഡ്രജന്‍ ബലൂണുകളില്‍ കരിങ്കൊടി കെട്ടി നവകേരള സദസ് നടക്കുന്ന പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന് മുകളിലൂടെ പറത്തിയായിരുന്നു പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അറിയിച്ചത്.

നവകേരള സദസിന് മുന്നോടിയായി ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍ ആയതിന് പിന്നാലെയാണ് മറ്റൊരു സംഘം എത്തി കരിങ്കൊടി കാണിച്ചത്. ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പതാകയും കരിങ്കൊടിയും ബലൂണുകളുടെ അടിയില്‍ കെട്ടി വച്ച ശേഷം സമീപത്തെ കെട്ടിടത്തിന് മുകളില്‍ നിന്ന് പറത്തി വിടുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പെണ്‍കുട്ടി അടങ്ങുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് ജില്ലാ ആസ്ഥാനത്ത് എത്തുന്നതിന് മുന്നോടിയായി ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ശബരിമല ഇടത്താവളമൊരുക്കി തീര്‍ഥാടകര്‍ക്ക് ഭക്ഷണവും സഹായങ്ങളും നല്‍കി കൊണ്ടിരുന്ന സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അടക്കമുള്ള പ്രവര്‍ത്തകരെയാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ തയാറാക്കിയ വേദിയിലാണ് നവകേരള സദസ് നടന്നത്. തൊട്ടടുത്തു തന്നെയുള്ള മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തിലായിരുന്നു വിശിഷ്ടാതിഥികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. സദസ് നടന്ന പ്രദേശത്ത് നിന്നും ഒന്നരകിലോമീറ്റര്‍ മാത്രം അകലെയാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുള്ളത്. റാന്നിയിലേക്ക് പോകുന്ന മുഖ്യമന്ത്രിക്ക് നേരെ ഇവിടെ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു കരുതല്‍ തടങ്കല്‍ ഉണ്ടായത്.

ശബരിമല തീര്‍ഥാടകര്‍ക്കായി ബസ് സ്റ്റാന്‍ഡില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഹെല്‍പ്പ്ലൈന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ എത്തിയാണ് പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടികൂടി കരുതല്‍ തടങ്കലിലാക്കിയത്.

ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ലിനു മാത്യു, കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി, അഖില്‍ സന്തോഷ്, കാര്‍ത്തിക്, അസ്ലം കെ. അനുപ്, ഷെഫിന്‍ ഷാനവാസ്, അജ്മല്‍ അലി, റോബിന്‍ വല്യയന്തി, ഷാനി കണ്ണങ്കര എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

ഇതോടെ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയൊരു സംഘം പത്തനംതിട്ട - റാന്നി റൂട്ടില്‍ മൈലപ്രയില്‍ കരിങ്കൊടിയുമായി എത്തുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് വിജയ് ഇന്ദുചൂഢന്‍, സംസ്ഥാന സെക്രട്ടറി അബു ഏബ്രഹാം വീര പള്ളില്‍, നേതാക്കളായ ഷംന കോന്നി, ജിനു കളിക്കല്‍, ക്രിസ്റ്റോ വര്‍ഗീസ്, ഷിജോ അഞ്ചക്കാല എന്നിവരെ ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.