എംപിമാരുടെ കൂട്ട സസ്പെന്‍ഷനില്‍ പ്രതിഷേധം: ഇരു സഭകളും വീണ്ടും നിര്‍ത്തി വെച്ചു; പുറത്തും സമരം

എംപിമാരുടെ കൂട്ട സസ്പെന്‍ഷനില്‍ പ്രതിഷേധം: ഇരു സഭകളും വീണ്ടും നിര്‍ത്തി വെച്ചു; പുറത്തും സമരം

ന്യൂഡല്‍ഹി: പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ പാര്‍ലമെന്റില്‍ ബഹളം. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇരു സഭകളും 12 മണി വരെ നിര്‍ത്തി വെച്ചിരുന്നു.

പിന്നീട് നടപടികള്‍ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ ലോക്‌സഭ 12.30 വരെയും രാജ്യസഭ രണ്ട് മണിവരെയും വിണ്ടും നിര്‍ത്തി വച്ചു.പ്രധാനമന്ത്രിക്കെതിരെ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ചത്.

അംഗങ്ങള്‍ അച്ചടക്കം ലംഘിക്കരുതെന്ന് സ്പീക്കര്‍ ഓം ബിര്‍ല മുന്നറിയിപ്പ് നല്‍കി. സഭാ ചട്ടങ്ങള്‍ പാലിക്കണമെന്നും ആരെയും പുറത്താക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സത്യഗ്രഹസമരം നടത്തി.

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയ്ക്കെതിരെ പ്രതിഷേധിച്ചതിനാണ് പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്തത്. പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമായി 78 എംപിമാരെയാണ് ഇന്നലെ കൂട്ടമായി സസ്പെന്‍ഡ് ചെയ്തത്. സുരക്ഷ വീഴ്ചയില്‍ അമിത്ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിനാണ് നടപടി. ഇതോടെ രാജ്യസഭയിലും ലോക്സഭയിലുമായി സസ്പെന്‍ഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 92 ആയി.

പാര്‍ലമെന്റില്‍ രണ്ട് പേര്‍ക്ക് അതിക്രമിച്ച് കയറാന്‍ അവസരമൊരുക്കിയ ബിജെപി നേതാവ് ഇപ്പോഴും എംപിയായി തുടരുകയും പ്രതികരിച്ച പ്രതിപക്ഷ എംപിമാര്‍ പുറത്താകുകയും ചെയ്യുന്ന സ്ഥിതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി.

സംഭവത്തില്‍ ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് അദേഹം പറഞ്ഞു. സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ആവര്‍ത്തിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.