ലോക്സഭയില്‍ കൂട്ട സസ്പെന്‍ഷന്‍ തുടരുന്നു: 50 പ്രതിപക്ഷ എംപിമാരെ ഇന്ന് പുറത്താക്കി

ലോക്സഭയില്‍ കൂട്ട സസ്പെന്‍ഷന്‍ തുടരുന്നു: 50  പ്രതിപക്ഷ എംപിമാരെ ഇന്ന് പുറത്താക്കി

സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സസ്‌പെന്‍ഷനില്‍ നിന്ന് ഒഴിവാക്കി.

ന്യൂഡല്‍ഹി: ലോക്സഭയില്‍ ഇന്നും പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടി. 50 ലധികം എംപിമാരെ സസ്പെന്‍ഡ് ചെയ്തു. പാര്‍ലമെന്റില്‍ നടന്ന ആക്രമണം സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചതാണ് കാരണം.

സോണിയയെയും രാഹുലിനെയും സസ്‌പെന്‍ഷനില്‍ നിന്ന് ഒഴിവാക്കി. കേരളത്തില്‍ നിന്നുള്ള എംപിമാരായ കെ.സുധാകരന്‍, ശശി തരൂര്‍, അബ്ദുസമദ് സമദാനി, അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ള എംപിമാരെയാണ് ഇന്ന് സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളിലും എംപിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും ഇതുവരെ സസ്പെന്റ് ചെയ്ത അംഗങ്ങളുടെ എണ്ണം ഇതോടെ 142 ആയി.

ലോക്സഭയിലും രാജ്യസഭയിലുമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കുകയാണ്. സുരക്ഷാ വീഴ്ച വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര അമിത് ഷാ സഭയില്‍ സംസാരിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ തീരുമാനം.

സമീപകാല ചരിത്രത്തില്‍ ഇത്രയധികം അംഗങ്ങളെ തുടര്‍ച്ചയായ ദിവസങ്ങളില്‍ സസ്‌പെന്‍ഡ് ചെയ്യുന്നത് ആദ്യമായിട്ടാണ്. ഇന്ദിരാഗാന്ധിയുടെ വധമന്വേഷിച്ച ജസ്റ്റിസ് താക്കര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി പ്രതിഷേധിച്ച 63 അംഗങ്ങളെ 1989 മാര്‍ച്ച് 15 ന് പാര്‍ലമെന്റില്‍ ഒറ്റ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.