ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്; എല്ലാ വീടുകളിലും ഒരു ലാപ്‌ടോപ്, കെ-ഫോണ്‍ പദ്ധതി ജൂലൈയില്‍ പൂര്‍ത്തിയാകും

ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്;  എല്ലാ വീടുകളിലും ഒരു ലാപ്‌ടോപ്, കെ-ഫോണ്‍ പദ്ധതി ജൂലൈയില്‍ പൂര്‍ത്തിയാകും

തിരുവനന്തപുരം: കേരളത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കുന്നതിനുള്ള കെ-ഫോണ്‍ പദ്ധതി ഉടന്‍ പൂര്‍ത്തിയാകുമെന്ന് പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതിനായി നെറ്റ്വര്‍ക്ക് ഓപ്പറേറ്റിങ്ങ് സെന്റര്‍, 14 ജില്ലാ ഹബ്ബുകള്‍ അതുമായി ബന്ധപ്പെട്ട് 600 ഓഫീസുകള്‍ എന്നിവ ഫെബ്രുവരി മാസത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു.

ജൂലൈ മാസത്തോടെ പൂര്‍ത്തിയാകുന്ന കെ-ഫോണ്‍ പദ്ധതിയില്‍ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കും. കേരളത്തിലെ 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ അതിവേഗ ഇന്‍ട്രാനെറ്റ് സേവനം വഴി ബന്ധപ്പെടാനുള്ള സംവിധാനമൊരുങ്ങും. 10 എം.പി.പിഎസ് ഒരു ജി.ബി പെര്‍ സെക്കന്റ് വരെയായിരിക്കും ഇന്റര്‍നെറ്റിന്റെ വേഗത. കേരളത്തിലെ ഇന്റര്‍നെറ്റ് ഹൈവേ ഒരു കമ്പനിയുടെയും കുത്തകയായിരിക്കില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി.

കേരളത്തിലെ എല്ലാ സേവന ദാതാക്കള്‍ക്കും കെ-ഫോണ്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. ഇന്റര്‍നെറ്റിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും കുറഞ്ഞ നിരക്കില്‍ മികച്ച ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുകയുമാണ് കെ-ഫോണിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യയുടെ വികസനം ഈ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ചെറുകിട വ്യവസായങ്ങള്‍, ടൂറിസം ഉള്‍പ്പെടെയുള്ള വാണിജ്യ-വ്യവസായ മേഖലകള്‍, ഇ-കൊമേഴ്സ് മേഖലകളിലും ഡിജിറ്റല്‍ സേവനങ്ങള്‍ ഉറപ്പാക്കാന്‍ കെ-ഫോണ്‍ പദ്ധതി ഉപകരിക്കും. കെ-ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

എല്ലാ വീടുകളിലും ഒരു ലാപ്‌ടോപ്

എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുമെന്ന് തോമസ് ഐസക് പറഞ്ഞു. ഇതിനായി ആദ്യ നൂറുദിന കര്‍മ പരിപാടിയില്‍ പ്രഖ്യാപിച്ച ലാപ്ടോപ്പ് പദ്ധതി കൂടതുല്‍ വിപുലവും ഉദാരവുമാക്കും. പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍, മത്സ്യ തൊഴിലാളികള്‍ അന്ത്യോദയ വീടുകള്‍ എന്നിവടങ്ങളിലെ കുട്ടികള്‍ക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്പ് നല്‍കും. മറ്റു ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം സബ്സിഡിയുണ്ടാകും. ബന്ധപ്പെട്ട വകുപ്പുകള്‍ തദ്ദേശ സ്വംയം ഭരണ സ്ഥാപനങ്ങളും സംയുക്തമായിട്ടാണ് ഇതുനുളള ചെലവ് വഹിക്കുക.

സബ്സിഡി കഴിഞ്ഞുള്ള തുക മൂന്നുവര്‍ഷം കൊണ്ട് കെഎസ്എഫ്ഇ ചിട്ടി വഴി തിരിച്ചടച്ചാല്‍ മതി. കുടുംബശ്രീ വഴി കെഎസ്എഫ്ഇ മൈക്രോചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ ലാപ്ടോപ്പ് ലഭ്യമക്കും. ഇതിന് വേണ്ടി വരുന്ന പലിശ സര്‍ക്കാര്‍ നല്‍കും. ധനമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.