പ്രതിഷ്ഠയ്ക്ക് പോണോ, വേണ്ടയോ?.. മസ്ജിദും ക്ഷേത്രവും കോണ്‍ഗ്രസിനെ വെട്ടിലാക്കി

പ്രതിഷ്ഠയ്ക്ക് പോണോ, വേണ്ടയോ?.. മസ്ജിദും ക്ഷേത്രവും കോണ്‍ഗ്രസിനെ വെട്ടിലാക്കി

ന്യൂഡല്‍ഹി: അയോധ്യയിലെ ബാബറി മസ്ജിദ് പൊളിയ്ക്കപ്പെട്ടതോടെ പ്രതിസന്ധിയിലായ രാജ്യത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി രാമക്ഷേത്ര പുനപ്രതിഷ്ഠ. പ്രതിഷ്ഠാ ദിന ചടങ്ങിലേക്ക് ലഭിച്ച ക്ഷണം നിരസിക്കണോ, സ്വീകരിക്കണോ എന്ന സന്ദേഹത്തിലാണ് പാര്‍ട്ടി.

ചടങ്ങില്‍ പങ്കെടുക്കാമെന്ന് ആദ്യം തീരുമാനിച്ച കോണ്‍ഗ്രസ്, പ്രതിപക്ഷ വിശാല മുന്നണിയായ ഇന്ത്യ സഖ്യത്തില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷമായതോടെ തീരുമാനം പുനപരിശോധിക്കേണ്ട സ്ഥിതിയിലായി. മുന്നണിയിലെ പ്രമുഖരായ തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു, ആര്‍ജെഡി, ഡിഎംകെ, സിപിഎം, സിപിഐ എന്നീ പാര്‍ട്ടികള്‍ പ്രതിഷ്ഠാ ദിന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം അറിയിച്ചതോടെ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിരോധത്തിലായി.

ചടങ്ങില്‍ സംബന്ധിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ മുസ്ലീം ലീഗും രംഗത്ത് വന്നതോടെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും തങ്ങളുടെ എതിരഭിപ്രായം ഹൈക്കമാന്‍ഡിനെ അറിയിച്ചു. നാനാ വശത്തു നിന്നും സമ്മര്‍ദ്ദമേറിയതോടെ സമയമാകുമ്പോള്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് ഒഴിവാകുകയായിരുന്നു കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.

ഇക്കാര്യത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് തീരുമാനമെടുക്കാന്‍ സാധിക്കുന്നതു പോലെ കോണ്‍ഗ്രസിനാകില്ല എന്നതാണ് നേതൃത്വത്തെ കുഴയ്ക്കുന്നത്. ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപി നടത്തുന്ന തേരോട്ടത്തെ ചെറുക്കാന്‍ കോണ്‍ഗ്രസിന് ചില ഹൈന്ദവ സമുദായ വോട്ടുകള്‍ അത്യന്താപേക്ഷിതമാണ്. ജാതി രാഷ്ട്രീയം വിധി നിര്‍ണയിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്ര നിര്‍മാണം ബിജെപി മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണമാക്കുമ്പോള്‍ ഹൈന്ദവ വികാരം മാനിക്കാതെയുള്ള നിലപാട് സ്വീകരിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് പാര്‍ട്ടി മുന്‍കൂട്ടി കാണുന്നുണ്ട്. എന്നാല്‍ ബാബറി മസ്ജിദ്  തകര്‍ക്കപ്പെട്ടതിലുള്ള  പാപഭാരം ചുമലിലേറ്റി നില്‍ക്കുന്ന കോണ്‍ഗ്രസിന് രാജ്യത്തെ മുസ്ലീം ന്യൂനപക്ഷത്തിന്റെ വികാരത്തെ കണ്ടില്ലെന്ന് നടിക്കാനുമാകില്ല. മാത്രമല്ല ഇന്ത്യ മുന്നണിയിലെ ഘടക കക്ഷികളുടെ നിലപാടും നിര്‍ണായകമാണ്.

അങ്ങനെ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്. 'നിക്കണോ, പോണോ' എന്ന് തീരുമാനമെടുക്കാനാകുന്നില്ല. ഇങ്ങനെ കോണ്‍ഗ്രസിനെ വെട്ടിലാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം വച്ചു തന്നെയാണ് ബിജെപിയുടെ നിര്‍ദേശപ്രകാരം രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചത്. എന്തായാലും ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22 ന് മുന്‍പ് കോണ്‍ഗ്രസിന് തീരുമാനമെടുത്തേ പറ്റൂ.

കോണ്‍ഗ്രസ് നേതാവ് പി.വി നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെ 1992 ഡിസംബര്‍ ആറിനാണ് ബിജെപി, വിച്ച്പി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് എല്‍.കെ അദ്വാനി, മുരളിമനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബാബറി മസ്ജിദ് പൊളിച്ചത്. ഇതോടെ പ്രതിരോധത്തിലായ കോണ്‍ഗ്രസിന് മുസ്ലീം ന്യൂനപക്ഷ പിന്തുണ നഷ്ടപ്പെട്ടെന്നു മാത്രമല്ല, ബിജെപിയുടെ പെട്ടന്നുള്ള കടന്നു കയറ്റത്തില്‍ ഹിന്ദു ഭൂരിപക്ഷത്തിനിടയില്‍ വേരുറപ്പിക്കാനുമായില്ല.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.