സിപിഎം നേതാക്കന്മാരുടെ ക്രൈസ്തവ വിരുദ്ധത അതിരുവിടുന്നു: കാത്തലിക് ഫോറം

സിപിഎം നേതാക്കന്മാരുടെ ക്രൈസ്തവ വിരുദ്ധത അതിരുവിടുന്നു: കാത്തലിക് ഫോറം

പാലക്കാട്: സിപിഎം നേതാക്കന്മാര്‍ ക്രൈസ്തവ സഭയ്‌ക്കെതിരെ അതിരുവിട്ട പ്രസ്താവനകള്‍ നടത്തുന്നത് കേരളത്തിന് അപമാനകരമാണെന്ന് കാത്തലിക് ഫോറം പ്രസിഡന്റ് ബിനു പഴയചിറ. പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ സഭയിലെ പുരോഹിതരെ അപമാനിക്കുന്ന തരത്തില്‍ പാര്‍ട്ടി ഓഫീസ് ഉദ്ഘാടന വേദിയില്‍ പ്രസംഗിച്ച സജി ചെറിയാന്‍ മന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്.

ക്രൈസ്തവ പുരോഹിതരെ അപമാനിക്കുവാന്‍ സിപിഎം ഒരു നിഘണ്ടു തന്നെ സൃഷ്ടിച്ചിരിക്കുകയാണോ എന്ന് സംശയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദേഹം ചോദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലഘട്ടത്തില്‍ താമരശേരി മെത്രാനെ അപമാനിച്ച് സംസാരിച്ച സംഭവം മുതല്‍ ഈ അടുത്ത കാലത്ത് മുന്‍ മന്ത്രി കെ.റ്റി ജലീലിന്റെയും ഇപ്പോള്‍ മന്ത്രിയായിരിക്കുന്ന സജി ചെറിയാന്റെയും പ്രസ്താവനകളില്‍ എത്തി നില്‍ക്കുമ്പോള്‍ ക്രൈസ്തവ വിരുദ്ധതയുടെ പര്യായമാണോ സിപിഎമ്മെന്ന് സംശയിച്ച് പോകുന്നത് സ്വാഭാവികമാണെന്നും ആരോപിച്ചു.

ക്രൈസ്തവ വിശ്വാസത്തിനെതിരെയും ആരാധനക്കെതിരെയും ഇന്ത്യ ഒട്ടാകെ ആക്രമണം നടക്കുമ്പോള്‍ കേരളത്തില്‍ ക്രൈസ്തവ പുരോഹിതരെ നേരിട്ട് ആക്രമിക്കാനും വികൃതവുമാക്കാനുമുള്ള സിപിഎം ഗൂഢാലോചനയാണോ നടക്കുന്നത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കണമെന്നും ബിനു പഴയചിറ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26