'ആ പറഞ്ഞത് മന്ത്രിക്ക് യോജിച്ചതോ?, വാക്കുകളില്‍ മിതത്വം പാലിക്കണം': സജി ചെറിയാനെതിരെ കെസിബിസി

'ആ പറഞ്ഞത് മന്ത്രിക്ക് യോജിച്ചതോ?,  വാക്കുകളില്‍ മിതത്വം പാലിക്കണം': സജി ചെറിയാനെതിരെ കെസിബിസി

കൊച്ചി: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ പരിഹസിച്ച മന്ത്രി സജി ചെറിയാനെതിരെ വിമര്‍ശനവുമായി കെസിബിസി. ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വാക്കുകളില്‍ മിതത്വം പാലിക്കണമെന്ന് കെസിബിസി വക്താവ് ഫാദര്‍ ജേക്കബ് ജി. പാലക്കാപ്പിള്ളി പറഞ്ഞു.

കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ച വിധം മാന്യമായ പദം കൊണ്ട് വിമര്‍ശിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ രോമാഞ്ചമുണ്ടാകുന്നവരാണ് മെത്രാന്മാര്‍ എന്ന രീതിയില്‍ അപഹസിച്ച് സംസാരിക്കുന്നത് സംസ്ഥാനം ഭരിക്കുന്ന മന്ത്രിക്ക് യോജിച്ചതാണോ എന്ന് അദേഹം ചിന്തിക്കണം. മണിപ്പൂര്‍ വിഷയം പ്രധാനമന്ത്രിയോട് പറഞ്ഞില്ല എന്ന് മന്ത്രി സജി ചെറിയാനോട് ആരാണ് പറഞ്ഞതെന്ന് കെസിബിസി വക്താവ് ചോദിച്ചു.

കെസിബിസി കഴിഞ്ഞ ദിവസം ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ മുസ്ലിം ലീഗ് അധ്യക്ഷനും പങ്കെടുത്തിരുന്നു. ഇതിനെ വിമര്‍ശിച്ച് കെ ടി ജലീല്‍ രംഗത്തു വന്നിരുന്നു. പാര്‍ട്ടി നേതാക്കളെല്ലാം ഒരേ നിഘണ്ടു ഉപയോഗിക്കുന്നതു കൊണ്ടാകും ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പറഞ്ഞു.

ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നല്‍കിയ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കും ക്രൈസ്തവ സഭാ നേതാക്കള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമെതിരെയാണ് സജി ചെറിയാന്‍ കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചത്.

ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും നല്‍കിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം അവര്‍ മറന്നുവെന്നുമായിരുന്നു സജി ചെറിയാന്റെ ആരോപണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.