നിക്കരാ​ഗ്വൻ ഭരണകൂടം തടവിൽവെച്ചിരിക്കുന്ന ബിഷപ്പ് അൽവാരെസിന്റെ സമീപകാല ചിത്രങ്ങൾ പുറത്ത്

നിക്കരാ​ഗ്വൻ ഭരണകൂടം തടവിൽവെച്ചിരിക്കുന്ന ബിഷപ്പ് അൽവാരെസിന്റെ സമീപകാല ചിത്രങ്ങൾ പുറത്ത്

മാന​ഗ്വ: പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യം മൂലം തടവിലാക്കപ്പെട്ട മതാഗൽപ്പയിലെ ബിഷപ്പ് റൊളാൻഡോ അൽവാരെസിന്റെ സമീപകാല ചിത്രങ്ങൾ പുറത്തുവിട്ടു. നിക്കരാഗ്വൻ സർക്കാരിന്റെ കീഴിൽ 500 ദിവസത്തിലേറെയായി കസ്റ്റഡിയിൽ കഴിയുന്ന അൽവാരസിനെ വൈദ്യ പരിശോധന നടത്തുന്ന ചിത്രങ്ങളാണ് പങ്കിട്ടിരിക്കുന്നത്.

ബിഷപ്പ് റൊളാൻഡോ അൽവാരെസിനെ 2022 ഓഗസ്റ്റിൽ വീട്ടുതടങ്കലിലാക്കുകയും 2023 ഫെബ്രുവരിയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി 26 വർഷവും നാല് മാസവും തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.

ജനറൽ കമ്മീഷണർമാരായ സുക്കോവ് സെറാനോ, ലൂയിസ് ബാരന്റസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. വൈകീട്ട് 3. 25 ന് ആരംഭിച്ച പരിശോധന 3:40 ന് സമാപിച്ചു. വൈദ്യ പരിചരണത്തിനിടെ, തനിക്ക് കുഴപ്പങ്ങളില്ലെന്നും വ്യായാമം തുടരുകയാണെന്നും റൊളാൻഡോ അൽവാരസ് പറഞ്ഞു. റൊളാൻഡോ അൽവാരസിന്റെ ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടരും അറിയിച്ചു.

ബിഷപ്പ് ക്ഷീണിച്ചിരിക്കുന്നതായി കാണിക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 2023 നവംബർ അവസാനം ഭരണകൂടം മറ്റൊരു മെഡിക്കൽ പരിശോധനയുടെ ഫോട്ടോകൾ പങ്കിട്ടപ്പോഴാണ് അവസാനമായി ബിഷപ്പിനെ മാധ്യമങ്ങൾ കണ്ടത്. അൽവാരസിനെ ഉടനടി നിരുപാധികം മോചിപ്പിക്കാൻ നിക്കരാഗ്വൻ സർക്കാരിനോട് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വീണ്ടും ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ചിത്രങ്ങളും ഔദ്യോഗിക പ്രസ്താവനയും പുറത്തു വന്നത്.

പ്രസിഡന്റ് ഡാനിയൽ ഒർട്ടെഗയും വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയും ബിഷപ്പ് റൊളാൻഡോ അൽവാരസിനെ 500 ദിവസമായി അന്യായമായി തടവിലാക്കിയിരിക്കുന്നെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ പ്രസ്താവനയിലൂടെ അറിയിച്ചു. മതഗൽപ്പയിലെ ബിഷപ്പിനെ കൂടാതെ ബിഷപ്പ് ഇസിഡോറോ മോറയും നിരവധി വൈദികരും മതനേതാക്കളും നിക്കരാഗ്വയിൽ അന്യായമായി തടങ്കലിൽ കഴിയുന്നതായി പ്രസ്താവനയിൽ പറയുന്നു.

ബിഷപ്പ് റൊളാൻഡോ അൽവാരസിനെ ചിത്രം കാണിച്ച് സ്വേച്ഛാധിപത്യത്തിന്റെ കുറ്റകൃത്യം കഴുകിക്കളയമാന്ന് കരുതരുത്. ആരും നിങ്ങളെ വിശ്വസിക്കുന്നില്ലെന്ന് മനസ്സിലാക്കുക. ബിഷപ്പ് അൽവാരസ്, ബിഷപ്പ് മോറ, സെമിനാരിക്കാർ, മറ്റ് വൈദികർ എന്നിവരെ മോചിപ്പിക്കുക എന്നതാണ് ഏക ന്യായമെന്ന് മനാഗ്വയിലെ സഹായ മെത്രാനായ ബിഷപ്പ് സിൽവിയോ ബേസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.