തുടർച്ചയായ കർഷക ആത്മഹത്യകൾക്ക് മറുപടി വേണം: കെസിവൈഎം മാനന്തവാടി രൂപത

തുടർച്ചയായ കർഷക ആത്മഹത്യകൾക്ക് മറുപടി വേണം: കെസിവൈഎം മാനന്തവാടി രൂപത

മാനന്തവാടി: കേരളത്തിലെ കർഷകർ നേരിടുന്ന പ്രതിസന്ധികളുടെ തുടർച്ചയായി വീണ്ടും കർഷക ആത്മഹത്യ. വയനാട്ടിലെ മാനന്തവാടിക്കടുത്തുള്ള എള്ളുമന്ദം സ്വദേശി അനിൽ (32) കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്. ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന ആളുകളുടെ പ്രധാന വരുമാന മാർഗം കാർഷിക മേഖലയാണ്. കടം വാങ്ങി കൃഷിയിറക്കുന്ന കർഷകരുടെ എണ്ണവും ഒട്ടും കുറവല്ല. 

വന്യജീവി ആക്രമണവും കാലവസ്ഥവ്യതിയാനവും മൂലം നശിക്കുന്ന വിളകൾക്ക് നഷ്ടപരിഹാരം ലഭിക്കാത്തതും വിലത്തകർച്ചയുടെ പരിണിത ഫലമായി ഉണ്ടാകുന്ന കടബാധ്യതയും സംസ്ഥാനത്ത് കർഷക ആത്മഹത്യ ദിനംപ്രതി വർദ്ധിക്കുന്നതിന് കാരണമാകുന്നുവെന്ന് കെ സി വൈ എം മാനന്തവാടി രൂപത സമിതി ചൂണ്ടിക്കാട്ടി.

 വാങ്ങിയ കടം തിരിച്ചടയ്ക്കാൻ പറ്റാതെ ഗത്യന്തരമില്ലാതെ കർഷകർ ജീവിതം അവസാനിപ്പിക്കേണ്ട സാഹചര്യമാണ് ഇന്ന് കേരളത്തിൽ. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും കർഷകരുടെ ആവശ്യങ്ങളും കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങളിലും ആവശ്യമായ ശ്രദ്ധ പുലർത്തുന്നില്ലെന്ന് രൂപത സമിതി ഉന്നയിച്ചു.

കാർഷിക വിളകൾക്ക് ന്യായമായ വില സർക്കാർ ഉറപ്പാക്കണം. മഴക്കെടുതി മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം. ആത്മഹത്യ ചെയ്ത കർഷകന്റെ കടം എഴുതി തള്ളി കുടുംബത്തിന് ധന സഹായം നൽകുകയും, ഇത്തരം കർഷക ആത്മഹത്യകൾ തുടരാതിരിക്കാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുമാണെന്ന് രൂപത സമിതി ആവശ്യപ്പെട്ടു.

രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ, വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ, ജനറൽ സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, സെക്രട്ടറിമാരായ അമ്പിളി സണ്ണി കുറുമ്പലാക്കട്ട്, ഡെലിസ് സൈമൺ വയലുങ്കൽ, ട്രഷറർ ജോബിൻ ജോയ് തുരുത്തേൽ, കോർഡിനേറ്റർ ജോബിൻ തടത്തിൽ, ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റർ സി. ബെൻസി ജോസ് എസ് എച്ച് എന്നിവർ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.