ഡ്രോണ്‍ ആക്രമണങ്ങളും കടല്‍ക്കൊള്ളയും; അറബിക്കടലിലെ നിരീക്ഷണ യുദ്ധക്കപ്പലുകളുടെ എണ്ണം വര്‍ധിപ്പിച്ച് ഇന്ത്യ

 ഡ്രോണ്‍ ആക്രമണങ്ങളും കടല്‍ക്കൊള്ളയും; അറബിക്കടലിലെ നിരീക്ഷണ യുദ്ധക്കപ്പലുകളുടെ എണ്ണം വര്‍ധിപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: അറബിക്കടലില്‍ ആറോളം യുദ്ധക്കപ്പലുകള്‍ കൂടി അധികമായി വിന്യസിച്ച് ഇന്ത്യ. അറബിക്കടലിന്റെ വടക്ക്-മധ്യ ഭാഗം മുതല്‍ ഏദന്‍ ഉള്‍ക്കടല്‍ നീണ്ടു കിടക്കുന്ന മേഖലയിലേക്കാണ് സമുദ്ര സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ യുദ്ധക്കപ്പലുകള്‍ അയച്ചത്. ഇതോടെ മേഖലയില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന കപ്പലുകളുടെ എണ്ണം പത്തായി.

ചരക്ക് ഗതാഗത കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണങ്ങളും കടല്‍ക്കൊള്ളക്കാരുടെ ഭീഷണിയും ശക്തമായതിന് പിന്നാലെയാണ് നീക്കം. കടല്‍ പാതകളില്‍ ഇത്തരത്തിലുള്ള ഭീഷണികള്‍ വ്യാപിച്ചതോടെയാണ് നാവികസേനയും അറബിക്കടലില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. മേഖലയില്‍ നിരീക്ഷണവും പ്രതിരോധവും വര്‍ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് മോര്‍മുഗാവ് എന്നീ ഗൈഡഡ്-മിസൈല്‍ ഡിസ്ട്രോയറുകളും, ഐഎന്‍എസ് തല്‍വാര്‍, ഐഎന്‍എസ് തര്‍കാഷ് തുടങ്ങിയ മള്‍ട്ടി റോള്‍ ഫ്രിഗേറ്റുകളും പുതുതായി വിന്യസിച്ചവയില്‍ ഉള്‍പ്പെടുന്നു.

നാവികസേനയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും സംയുക്തമായാണ് നിരീക്ഷണം നടത്തുന്നത്. ഈ മാസം ആദ്യം എം.വി ലീല നോര്‍ഫോക്ക് എന്ന വ്യാപാരക്കപ്പലിന് നേരെയുണ്ടായ ആക്രമണ ശ്രമം ഐഎന്‍എസ് ചെന്നൈയും അതിലെ കമാന്‍ഡോസും ചേര്‍ന്ന് തടഞ്ഞിരുന്നു. കപ്പലിലെ 21 ജീവനക്കാരെ സുരക്ഷിതരാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഏദന്‍ ഉള്‍ക്കടലില്‍ കടല്‍ക്കൊള്ളക്കാരെ തടയുന്നതിനായി ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ തുടര്‍ച്ചയായി പട്രോളിങ് നടത്തുന്നുണ്ട്. 2008 ഒക്ടോബര്‍ മുതല്‍ 110ഓളം യുദ്ധക്കപ്പലുകള്‍ ഇത്തരത്തില്‍ വിന്യസിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.